Tuesday, November 4, 2014

ലാ ഭത്താല്യ ഡി വിശ്വനാഥൻ

കടൽ ശാന്തമെങ്കിലും നല്ല രീതിയിൽ കടൽ കാറ്റു വീശുന്നുണ്ട് , ഉച്ച വെയിൽ മണൽ തരികളിൽ പടർന്നൊഴുകി  അങ്ങിങ്ങായി ഒളി വെട്ടി , തീരത്തോട് ചേർന്ന കാറ്റാടി മര ചുവട്ടിൽ കാമുകിയുടെ മടിയിൽ തലചായ്ചു കിടക്കുന്ന കാമുകൻ , വിജനമായ തീരത്തിന്റെ സ്വാതന്ത്രം ആഘോഷിക്കുന്ന ഞെണ്ടിൻ കൂട്ടം, പല വർണങ്ങളിലുള്ള ബലൂണുകൾ തൂക്കിയ സ്റ്റാന്റ് മണലിൽ കുത്തി നാട്ടി അതിനോട് ചേർന്ന് അനന്തമായ കടലിനെ നോക്കിയിരിക്കുന്ന ബലൂണ്‍ കച്ചവടകാരൻ .

"മോനെ സിനിമ എനിക്ക് വെറും ജീവനോപാധി മാത്രമായിരുന്നില്ല അതെന്റെ ജീവിതം തന്നെയായിരുന്നു"  
മുത്തച്ഛന്റെ കണ്ണിൽ നോക്കിയിരിക്കുന്ന,കഥകൾ കേൾക്കാൻ ഇഷ്ട്ടപെടുന്ന ആ ബാലനു മുത്തച്ഛൻ പറഞ്ഞതിന്റെ അർഥം പൂർണമായി ഉൾകൊള്ളാൻ കഴിഞ്ഞിരിക്കില്ല , കടൽ കാറ്റിൽ ഉലയുന്ന തന്റെ മുടിയിഴകളെ ഒതുക്കി അവൻ ചോതിച്ചുമുത്തശ്ശൻ ആദ്യമായി കണ്ട സിനിമ ഏതാ ?
തീരത്തോട് ചേർന്ന  വഴിവിളക്കിന്റെ ചുവട്ടിൽ കൈകൾ പുറകോട്ട് നീട്ടിവച്ചിരുന്നു കണ്ണുകളടച് അയാൾ  ഓർത്തു , ഓർമകൾ കടൽ തിരകളായി ഇരമ്പി , ഒരു തിരവന്നു മുറിയുന്നിടത് അടുത്ത തിര , ഒന്നിനു പിറകെ മറ്റൊന്നായി അങ്ങനെ അനേകം ഓർമ തിരകൾ..
വിശ്വനാഥനു താൻ കണ്ട ആദ്യ സിനിമ ഏതെന്നു ഓർത്തെടുക്കാൻ കഴിഞ്ഞില്ല , താണ്ടിയ കാലങ്ങളുടെ ആയിരം ഫ്രെയിമുകൾ മനസിലൂടെ ഓടി മറഞ്ഞു.
വിശ്വനാഥൻ വിശ്വൻ  ആയിരുന്ന കാലം , ബാല്യത്തിൽ സിനിമകളോടുള്ള ഭ്രമം മൂലം ഹൈസ്കൂൾ പഠനം മതിയാക്കി സിനിമാ ലോകത്തിനു പിറകെ ഓടിയ കാലം, വിശപ്പും ദാഹവും ഒരു വികാരമല്ലാതെ- എല്ലാ വികാരങ്ങൾക്കും മേലെ സിനിമ എന്ന വികാരം മാത്രം സ്ഥാനം പിടിച്ചിരുന്ന കാലം. സിനിമയുടെ പല മേഘലകളിലും എത്തിപെടാൻ ശ്രമിച്ച് ഒടുവിൽ പ്രോജെക്ടർ ഓപ്പറേറ്റർ ആയി മാറി ലോക സിനിമകളുടെ മത്തു പിടിപ്പിക്കുന്ന ലഹരിയിൽ മുങ്ങിയ കാലം. ഓർമ്മകൾ വിശ്വനാഥന്റെ മുകത്ത് നിർവൃതിയുടെ ഒരു പുഞ്ചിരി വിരിയിച്ചു...
ഒരു കാക്ക തീരത്തടിഞ്ഞ ചത്ത മത്സ്യത്തെ കൊത്തി വലിക്കുന്നു.
ഓരോ തിരവരുമ്പോഴും കാക്ക മെല്ലെ ചാടി മറിഞ്ഞ് വീണ്ടും കൊത്തി വലി തുടർന്നു.
ഏത് ആദ്യം കണ്ടു എന്നൊർമ്മയില്ലെങ്കിലും കണ്ടതിൽ പറയാൻ ഇഷ്ട്ടമുള്ള ഒരായിരം സിനിമാ പേരുകൾ ഉണ്ട്.
"അതെനിക്ക് ഓർമയില്ല മോനെ- നല്ലയൊരു സിനിമയുടെ കഥ പറഞ്ഞു തരട്ടേ?"
"ഇടിയുള്ള കഥയാണോ "
അയാൾ ആ കുട്ടിയുടെ മുഖത്തു നോക്കി സ്നേഹത്തോടെ മന്ദഹസിച്ചു
"ഇടിയില്ല പക്ഷെ യുദ്ധമുണ്ട് - ഒരച്ചൻ തൻറെ മകനെ നാസികളുടെ കണ്ണിൽ പെടാതെ രക്ഷിക്കുന്ന ഒരു കഥ" . റോബെർതോ ബെനീനി  യുടെ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ ഒരു പ്രോജെക്റ്ററിൽ നിന്നും പുറപ്പെട്ട രശ്മികളെ പോലെ  അയാളുടെ വായിൽ നിന്നും കുട്ടിയുടെ ചെവികളിലൂടെ ആ ബാല ഹൃദയത്തിൽ പുനരാവിഷക്കരിക്കപ്പെട്ടു .
നാസി കോണ്‍സന്ട്ര ഷൻ ക്യാമ്പിൽ അകപ്പെടുന്ന ഒരു അച്ഛനും മകനും, നാസി പട്ടാളക്കാർ കാണാതെ ക്യാമ്പിലെ കോണുകളിൽ മകനെ ഒളിപ്പിച്ചു രക്ഷിക്കുകയും തനിക്ക് ചുറ്റും നടക്കുന്ന ഭയാനകരമായ കാര്യങ്ങളെല്ലാം തന്നെ ഒരു കളിയുടെ ഭാഗമാണെന്നും,  ഒരു കാരണവശാലും പട്ടാളക്കാരുടെ കണ്ണിൽ പ്പെടാതെ ഒളിച്ചിരിക്കണമെന്നും അങ്ങിനെ എങ്കിൽ മാത്രമേ ഈ കളി അവർ വിജയിക്കുകയുള്ളൂ , വിജയികൾക്ക് സമ്മാനമായി ഒരു ടാങ്ക് ലഭിക്കും എന്നും ആ മകനെ ധരിപ്പിക്കുന്നു. കഥാന്ത്യത്തിൽ മരണത്തിലേക്കു നടന്നു പോകുമ്പോളും ഒളിച്ചിരിക്കുന്ന മകനെ നോക്കി ചിരിക്കുന്ന ആ അച്ഛന്റെ ഹൃദയത്തിൽ സന്തോഷമോ വേദനയോ ?
ആ അച്ഛൻ താൻ തന്നെയല്ലേ- വിശ്വനാഥൻ ഓർത്തു , വിദൂരതയിൽ ഒളിച്ചിരിക്കുന്ന തന്റെ മകൻ തന്നെ ഒളിഞ്ഞു നോക്കുന്നുണ്ടാകുമോ.

വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. മണൽ തരികളെ പുറം തള്ളി തീരത്തോട് ചേർന്ന റോഡിലൂടെ  വീട് ലക്ഷ്യമാക്കി അവർ നടന്നു.
എന്നത്തേയും പോലെ ഇന്നും ഒരു സാധാരണ ദിനമായി അയാളിലൂടെ കടന്നു പോയി ,കുറെ കാലങ്ങളായി ഒരേ തീയേറ്ററിൽ ആവർത്തിച്ചു ഓടി കൊണ്ടിരിക്കുന്ന ഒരു കമേർഷ്യൽ സിനിമ പോലെ -വിരസമായി , അലക്ഷ്യമായി ..

ലക്ഷ്മിയുടെ അകാല മരണ ശേഷം തൻറെ ഒരേ ഒരു മകനും അയാൾക്കുമിടയിൽ മറ്റൊരു സ്ത്രീയെ വിശ്വനാഥൻ പ്രതിഷ്ട്ടിചിരുന്നില്ല. ഇന്നു മകൻ വളർന്നു വലുതായി വിദേശത്ത് ഭാര്യയോടൊപ്പം . മകൻ പോയതിനു ശേഷം തികച്ചും ഒറ്റപ്പെട്ട കുറെ നാളുകൾ , അവർക്കൊരു ആണ്‍ കുഞ്ഞു പിറക്കുകയും , രണ്ടു പേരും ജോലികാരായിരുന്നത് കൊണ്ട് അവരുടെ മകനെ, കഥകൾ കേൾക്കാൻ ഇഷ്ട്ടമുള്ള തൻറെ കൊച്ചു മോനെ,  തന്നോടപ്പമാക്കുകയും ചെയ്ത  അന്നു മുതലാണ്‌ അയാൾകൊരു പുതനുണർവ് ഏറെ കാലത്തിനു ശേഷം ജീവിതത്തിൽ ഉണ്ടായത്. ഇപ്പോൾ അവന് അഞ്ചു വയസായിരിക്കുന്നു.

കുറച്ചു നാളുകളായി ഓരോ ദിനവും വിശ്വനാഥൻ ഉറക്കമുണരുന്നത് എന്തെന്നില്ലാത്ത ആധിയോടെയാണ്. കൃത്യമായി പറഞ്ഞാൽ ഏറ്റവും അവസാനമായി തൻറെ മകൻ വിദേശത്ത് നിന്നും , കൊച്ചു മോനെ സ്കൂളിൽ ചേർക്കേണ്ട കാര്യം പറഞ്ഞു വിളിച്ച അന്ന് മുതൽ.
ഇന്നിതാ വീണ്ടും ഫോണ്‍ ശബ്ദിക്കുന്നു..ആരും വിളിക്കാനില്ലാത്ത ആ ഫോണ്‍ വല്ലപോഴുമൊക്കെ ശബ്ദിക്കുന്നത് അയാൾക്ക് അലർജിയുണ്ടാക്കിയിരുന്നു, കാരണം സന്തോഷകരമായ യാതൊരു ശബ്ദങ്ങളും അതിലൂടെ കേള്ക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ.
"അച്ഛാ ഞാൻ നാളെ നാട്ടിലെത്തും, മൊന്റെ അഡ്മിഷൻ കാര്യങ്ങളൊക്കെ ഇവിടെ ശരിയാക്കിയിട്ടുണ്ട് ലീവില്ലാത്തതു കൊണ്ട് അടുത്ത ദിവസം തന്നെ ഞാൻ അവനെ കൂട്ടി തിരിച്ചു പോവും " ഒറ്റ ശ്വാസത്തിൽ ഫോണിലൂടെ കേട്ട ആ വാക്കുകൾ ആദ്യം അയാൾക്ക് ഉൾകൊള്ളാൻ സാധിച്ചില്ല ..ആരുമായാണ് ഇപ്പോൾ സംസാരിച്ചത് എന്ന് പോലും ഗ്രഹിച്ചെടുക്കാൻ അയാൾ കുറച്ചു സമയമെടുത്തു.

വീടിന്റെ പടികളിറങ്ങി കൊച്ചു മോൻ മുറ്റത്തിറങ്ങി നിന്നു. തിരിഞ്ഞു മുത്തശ്ശനെ നോക്കി , കരഞ്ഞു കലങ്ങിയ കണ്ണുകളിലെ  ചുവപ്പ് അവൻറെ കണ്ണുകളിൽ വ്യക്തമായി കാണാമായിരുന്നു. മകൻ കാറിന്റെ ഡിക്കി തുറന്നു ബാഗുകൾ അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു. ഉമ്മറ പ്പടിയിലെ തൂണുകളിൽ കൈകൾ താങ്ങി വിശ്വനാഥൻ കൊച്ചു മോനെ തന്നെ നോക്കി നിന്നു . ആ കണ്ണുകൾ കരയാൻ വേണ്ടി കൊതിച്ചിരുന്നു...കൊച്ചു മോൻ ഓടി വന്നു മുത്തശ്ശനെ ഒരിക്കൽ കൂടി കെട്ടി പിടിച്ചു ഉമ്മ വച്ചു എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു "മുത്തശ്ശാ ഈ കളിയിൽ നമ്മൾ വിജയിച്ചാൽ നമുക്ക് എന്തു സമ്മാനം ലഭിക്കും" മുത്തശ്ശൻ ചിരിക്കാൻ ശ്രമിച്ചു ..അന്റോണിയോ റിക്കിയുടെ ചിരി , കൊല മരത്തിലേക്കുള്ള നടത്തം ......
ഗേറ്റ് കടന്നു കാർ വേഗത്തിൽ റോഡിലലിഞ്ഞു, അനേകം വാഹന ങ്ങ ളിൽ ഒരു വാഹനമായി...

ഉറക്കമില്ലാത്ത രാത്രിയായിരുന്നത് കൊണ്ട് ഉണരെണ്ടിവന്നില്ല.ദിന ചര്യകളെ ല്ലാം തകിടം മറിഞ്ഞ അവസ്ഥ എന്ത് ചെയ്‌താൽ മനസിൻറെ ഈ പിരിമുറുക്ക ത്തെ  പിടിച്ചു കെട്ടും ,അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം താൻ വീണ്ടും ഒറ്റപ്പെട്ടിരിക്കുന്നു . ചുമരിൽ തൂങ്ങി കിടക്കുന്ന ലക്ഷ്മിയുടെ ചിത്രത്തിലേക്ക് നോക്കി ഉച്ചത്തിൽ അലറി . വീടിനുള്ളിലൂടെ അനെകാവർത്തി അങ്ങോട്ടും ഇങ്ങോട്ടും നടന്നു ചിലപ്പോളൊക്കെ ഓടാൻ തോന്നി. പുറത്തേക്കിറങ്ങി ലക്ഷ്യമില്ലാതെ നടന്നു എങ്കിലും ഈ നടത്തം ചെന്നവസാനിക്കുന്നത് ആ  കടൽ കരയിൽ തന്നെയായിരിക്കും എന്നയാൾക്ക് ബോധ്യമുണ്ടായിരുന്നു.
വെയിൽ മങ്ങി തുടങ്ങിയിരുന്നു . കടൽ കാറ്റ്  പതിവിലും കൂടുതൽ ശക്തിയോടെ വീശി .
സ്ഥിരമായി കാണാറുള്ള പല കാഴ്ചകളും ഇന്നയാൾ കണ്ടില്ല അവയെല്ലാം പൂർവ സ്ഥിതിയിലുണ്ടെങ്കിൽകൂടെയും ..
വഴിവിളക്കിന്റെ ചുവട്ടിൽ കടലിനെ നോക്കി അചിന്ത്യമായ മനസുമായിനിന്നു .  കടലിൻറെ ഇരമ്പം കേൾക്കുന്നില്ല, കടൽക്കാറ്റ് ശക്തിയായി വീശി തൻറെ തൊട്ടു മുന്നിൽവച്ചു വഴിമാറിപോകുന്നു , എല്ലാം വിചിത്രമായ കാഴ്ചകൾ. എങ്ങും നിശബ്ദത , ഒരു ചെവിയിൽനിന്നും മറു ചെവിയിലേക്ക് തലക്കകത്ത് കൂടി ഒരു മൂളൽ തുടർച്ചയായി പ്രവഹിച്ചു കൊണ്ടിരിക്കുന്നു.
നെറ്റി തടം വിയർത്തു , ശരീരമാസകലം വിറക്കുന്നു. വഴിവിളക്കിൽ കെട്ടിപിടിച്ചു മണലി ലേക്ക്  ഊർന്നിരുന്നു .  കടലിലേക്ക് സൂക്ഷിച്ചു നോക്കി , കാഴ്ചകൾ മങ്ങുന്നു പക്ഷെ ഒരു കാര്യം വ്യക്തമായി കാണാം  - നിശ്ചലമായ  കടൽ .

ആകാശം ഇരുണ്ടു കൂടി, ശക്തമായ ഒരു മിന്നൽ. മണൽ തിട്ടയിലെ ഞെണ്ടിൻ  മാളങ്ങളിൽ നിന്നും നൂറു കണക്കിന് മഴപാറ്റകൾ പുറത്തു വരുന്നു ,  മഴ പാറ്റകൾ മനുഷ്യരായി പരിണമിക്കുന്നു ,മുഖങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി,  അവയിൽ പലതും ഓർമയുടെ അനന്ത കോടി നക്ഷത്രഗണങ്ങളിലെ കൊള്ളിമീനുകൾ  . വസ്ത്രധാരണ രീതിയിൽ അവരെല്ലാം തന്നെ നാൽപ്പതോ അമ്പതോ വർഷങ്ങൾ പുറകിലാണ്. അവയിലേറിയ പങ്കും തോൾ സഞ്ചിയും തൂക്കി ജുബ്ബാ ധാരികളായ മുടികൾ നീട്ടി വളർത്തിയ ഹിപ്പികൾ , കുറെ പേർ കൈകൾ പൂർണമായും തെറുത്തു കയറ്റി തീരെ കനം കുറഞ്ഞ മീശ പിരിച്ചു വച്ച പുരോഗമന വാദികളായ ചെറുപ്പക്കാർ , പിന്നെ കുറെ വിപ്ലവം തലയ്ക്കു പിടിച്ച കുറെ കോളേ ജ് വിദ്യാർ ഥികൾ . എല്ലാവരും കൂട്ടമായി വന്നു മണൽ പരപ്പിൽ കടലിനെ അഭിമുഖീകരിച്  നിരനിരയായിരുന്നു . . ആദ്യ വരിയിൽ മുപ്പതോളം ആളുകൾ അതിനു പുറകിൽ അടുത്ത വരി അതിനും പുറകിൽ അടുത്തത് അങ്ങിനെ  കൃത്യമായ നിരകൾ . അവിടെയാകെ സിഗരറ്റു പുക നിറഞ്ഞു , മദ്യത്തിന്റെയും കഞ്ചാവിന്റെയും രൂക്ഷ ഗന്ധം .
ഒരു കൂട്ടം ഹിപ്പികൾ വരിയിൽ നിന്നും എണീറ്റ്‌ പുറകിലേക്ക് തന്നെ നോക്കി വിളിച്ചു പറഞ്ഞു "വിശ്വേട്ടാ തുടങ്ങാം "
വിശ്വന് ഒന്നും മനസിലാകുന്നില്ല
എന്താണ് വിശ്വേട്ടാ താമസം - ചിലർ അമർഷത്തോടെ ചോതിച്ചു .
വിശ്വൻ ചുറ്റും നോക്കി . എങ്ങും മങ്ങിയ വെളിച്ചം മാത്രം , നിശ്ചലമായ കടലും ആകാശവും കൂടിച്ചേർന്ന് ഒരു വെളുത്ത സ്ക്രീനായി പരിണമിച്ചിരിക്കുന്നു . താൻ മുറുകെ പിടിച്ചിരുന്ന വഴിവിളക്കിന്റെ സ്ഥാനത്ത് ഒരു പ്രോജക്ടർ .തനിക്കു ചുറ്റിലും ചിതറി കിടക്കുന്ന ആയിര കണക്കിന് സിനിമാ റീലുകൾ . ഇപ്പോൾ വിശ്വനു കാര്യങ്ങൾ കുറെ തെളിഞ്ഞു വന്നു . വിശ്വൻ അട്ടഹസിച്ചു.. അന്ന നാളങ്ങളിൽ നിന്നും പുറപ്പെട്ട അട്ടഹാസം ശക്തവും ഭീഗരവുമായിരുന്നു .

ഏതാണ് പ്ലേ ചെയേണ്ടത് വിശ്വൻ ഉച്ചത്തിൽ വിളിച്ചു ചോതിച്ചു
എല്ലാവരും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു
"ലാ ഭത്താല്യ ഡി അൽജെരി "
വിശ്വൻ പുഞ്ചിരിച്ചു ഇതിലും നല്ലൊരു സിനിമ ഇവർക്കായി സൃഷ്ട്ടിക്കപ്പെട്ടിട്ടില്ല. ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായ അൾജീരിയൻ സായുധ വിപ്ലവത്തിൻറെ കഥ. രക്ത രൂക്ഷിതമായ പോരാട്ടങ്ങളും പൈശാ ചികമായ കൊളോണിയൽ പീഡനങ്ങളും ഇതിലും യാഥാര്‍ത്ഥ്യത്തോടെ വരച്ചു കാണിച്ച മറ്റേതു സിനിമയുണ്ട് ഇവർക്കാ വശ്യ പ്പെടാൻ. മാത്യു ഫിലിപ്പിന്റെ   നേതൃത്വത്തിൽ അൾജീരിയൻ പോരാട്ടങ്ങളെ മൃഗീയമായി അടിച്ചമർത്തിയ വേളയിൽ പതറാതെ നിൽക്കുന്ന അലി ലാ പോണ്ടെ , കഥാന്ത്യത്തിൽ മാത്യു ഫിലിപ്പിന്റെ ഭീഷണി വക വെക്കാതെ  ബോംബുകളുടെഅഗ്നിയിൽ ചാമ്പലായ അലി ലാ പോണ്ടെ . അതേ പോണ്ടിന്റെ ചോര തന്നെയല്ലേ ഇവർക്കെല്ലാം , അതേ വീക്ഷണങ്ങൾ അതേ ചിന്തകൾ ,  പ്രാവര്‍ത്തികമാക്കാൻ പരിശ്രമിച്ചു പരാചിതരായ , ഒരു പരിതി വരെ വിജയിച്ച ,കാഴ്ചപ്പാടുകൾ ...

വിപ്ലവത്തിൻറെ വക്താക്കളെ നിങ്ങളിൽ നിന്നും ഞാൻ മറ്റൊരു സിനിമാ പേരും പ്രതീക്ഷിക്കുന്നില്ല വിശ്വൻ സ്വയം പറഞ്ഞു .
പ്രോജക്ടർ ചലിച്ചു തുടങ്ങി , കാണികൾ അക്ഷമരായി അലി ലാ പോണ്ടെയെ കാത്തിരിക്കുന്നു. സ്ക്രീനിൽ അലി ലാ പോണ്ടെയെ കാണുന്നേയില്ല, ഒരു വേളയിലും  , സിനിമയിൽ വരേണ്ട രംഗ ങ്ങ ളി ലൊന്നും അയാൾ പ്രത്യക്ഷ പ്പെടുന്നില്ല .
അലി ലാ പോണ്ടേ എവിടെ ?
അവർ പരസ്പരം നോക്കി . എവിടെ ?
"ഇതാ ഇവിടെ " കാണികളിൽ ഒരു വിപ്ലവകാരി ഉച്ചത്തിലലറി .
എവിടെ.. എവിടെ അലി - എല്ലാവരും ഒരേ സ്വരത്തിൽ ചോതിച്ചു
കാണികൾക്ക് നടുവിലുലുള്ള ഇരിപ്പിടത്തിൽ അലി ലാ പോണ്ടെ. എല്ലാവരും ചുറ്റിലും കൂടി. അലി ഇരിപ്പിടത്തിൽ നിന്നുമെഴുനേറ്റ്  കൈകളുയർത്തി , എല്ലാവരും നിശബ്ദരായി .
അലി  ഇരു കൈകളും മുഷ്ട്ടി ചുരുട്ടി ഉയർത്തി പിടിച്ചു ശബ്ദമുയർത്തി പറഞ്ഞു
"നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടങ്ങൾക്ക് തുടക്കവുമില്ല ഒടുക്കവുമില്ല. അനിവാര്യമായ ഘട്ടങ്ങളിൽ ഒരു പക്ഷെ അവക്ക് പിന്മാറേണ്ടിവന്നേക്കാം , കൂടുതൽ ശക്തിയോടെ കൂടുതൽ ലക്ഷ്യ ബോധത്തോടെ തിരിച്ചു വരാൻ വേണ്ടി. കൊളോണിയലിസം ഒരു കാലത്തിലും അവസാനിക്കാൻ പോകുന്നില്ല അവക്ക് രൂപ മാറ്റം സംഭവിക്കാം , ഇന്നലെയുടെ രൂപമായിരിക്കില്ല ഇന്നിന്റെ രൂപം , നാളെ മറ്റൊരു രൂപം . രൂപമാറ്റം സംഭവിക്കാത്തത് ഒന്നിന് മാത്രം നമ്മുടെ യാതനകൾക്ക്..
എല്ലാവരും നിശബ്ദരായി അലിയെ ശ്രവിച്ചു കൊണ്ടിരുന്നു.
അകലങ്ങളിൽ നിന്നും ടാങ്കുകളുടെ മുരൾച്ച , ആ ശബ്ദം അടുത്തടുത്ത് വരുന്നു , നിമിഷ നേരം കൊണ്ട് അവർക്ക് ചുറ്റിലും അനേകം ടാങ്കുകൾ, ഓരോ ടാങ്കുകളെയും നയിച്ചു കൊണ്ട് ആയിരക്കണക്കിന് മാത്യു ഫിലിപ്പുകൾ .

അടുത്ത  പ്രഭാതത്തിൽ വിശ്വനാഥന്റെ തണുത്തുറഞ്ഞ ശവശരീരത്തിൽ ഉറുമ്പുകളരിച്ചിരുന്നു അയാളുടെ കൈകൾ അപോളും ആ വഴിവിളക്കിൽ മുറുകെ പിടിച്ചിരുന്നു. തീരത്തോട് ചേർന്ന അംബര ചുംബിയായ കെട്ടിടങ്ങളുടെ സ്ഫടികങ്ങളിൽ സൂര്യൻ പ്രതിഫലിച്ചു.





3 comments:

  1. Oru cheriya thiruthu. Bycicle theives enna world classic cinemayude katha mukalil paranja pole alla.

    ReplyDelete
    Replies
    1. valare nanni, name maari poyathaanu.."life is beautiful" aayirunnu udheshichath pakshe maari poyi..thettu choondi kaanichu thiruthaan sahaayichathil valare nanni

      Delete
  2. ഒറ്റപ്പെടലിന്റെ വേദനയും വിപ്ലവത്തിന്റെ ലഹരിയും മരണത്തിന്റെ ശൂന്യതയും ..എല്ലാം കൂടെ ചേർന്ന് വായനക്കാരന്റെ ഹൃദയത്തിന്റെ ഭാരമേറ്റുന്നു..

    ReplyDelete