Monday, January 27, 2014

ദ വായിൽ തോന്നിയത്

ദ വായിൽ തോന്നിയത് :

കുട്ടിക്കാലത്തു പെയ്തിരുന്ന മഴക്ക് എന്തായിരുന്നു പ്രത്യേകത 
അന്നും ഇന്നും ബൗധികമായൊ ശാസ്ത്രീയമായോ മഴയുടെ നിർവചനത്തിനു രൂപമാറ്റം ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും , ബാല്യത്തിലെ ഓരോ മഴതുള്ളികൾക്കും നനുത്ത കുളിരിനു പുറമേ ഇന്നത്തെ കനം കൂടിയ,തിരക്കുപിടിച്ച , ചിന്തകളിലേക്ക് ഒരായിരം ഗൃഹാതുരത്തിന്റെ സുഖമുള്ള തലോടലുകൾ നല്കാൻ കഴിയുന്നു ..

പലപ്പോഴും ചിന്തിക്കാറുണ്ട് ഒരു നീരാവിയായി മുകളിലേക്ക് പറന്നുയർന്നു ഒരു മഴത്തുള്ളിയായി വീണ്ടും ഈ ഭൂമിയിലേക്ക് പതിക്കാൻ , മറ്റു മഴത്തുള്ളികളെ അടുത്തറിഞ്ഞ് , ഉറ്റ മിത്രങ്ങളായി , കൈകളിൽ കൈ ചേർത്ത് തോളോടു തോളുരുമ്മി പൊട്ടിച്ചിരിച് ,പറന്നു പറന്നു ഒരു കിനാവിന്റെ കുളിര് പോലെ താഴെക്ക് വന്നു പതിക്കുമ്പോൾ, വീഴ്ചയുടെ ആഘാതത്തെ തടുക്കാൻ ,താഴെ ഞങ്ങളെസ്വീകരിച്ചു കൊണ്ട് തുള്ളികളിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ..അവരുടെ മുടിയിഴകളിലൂടെ ഒലിച്ചിറങ്ങി വരണ്ട ഭൂമിയുടെ പൊടിപിടിച്ചമെയ്യിൽ ചുംബിച്ചു ഒരു കൊച്ചു നീർചാലായി കാലത്തിനും ചക്രവാളങ്ങൾക്കും അകലെയുള്ള തുരുത്തിലേക്ക് നിശബ്ദമായി ഒഴുകാൻ , വഴി നീളെ അനേകമനേകം മഴത്തുള്ളികൾ ,ഒരേ സ്വപ്നങ്ങൾ പേറി , ഒരേ ദിശാ ബോധത്തോടെ , ഒരുമിച്ചു സ്നേഹ ഗീതങ്ങൾ പാടി ഒരേ  ലക്ഷ്യത്തിലേക്ക് ....

Wednesday, January 22, 2014

സ്മാർട്ട്‌ ഫോണും, ചൈനയിലെ ഒന്നിൽ കൂടുതൽ സന്താനൊല്‍പാദനത്തിൻറെ ശിക്ഷയും


"ഇഞ്ഞി  പറച്ചിലല്ലെയ്ക്കാരം "
എന്റെ കയ്യിലെ വാരാന്ത്യ പതിപ്പ് ചട്ടുകം കൊണ്ട് തട്ടി തെറിപ്പിച്ചു വിശ്വരൂപം പൂണ്ടു നില്ക്കുന്ന പ്രിയതമ
രാവിലെ തന്നെ പുലി വാലാണല്ലോ
"ഇയ്യ് കാര്യം  പറയെടി , എന്താ സംഭവം "
"ഇങ്ങളോട്  എത്രീസായി ഒരു ഫോണ്‍ വാങ്ങി തെരാം പറഞ്ഞിട്ട് "
"അപോ അന്റെക്കെള്ള  ഫോണിനുപ്പോന്താ ഒരു കമ്മി "
"ഹം.. ഫോണോ അതോ?"
"പിന്നെ അതെന്താ പന്താണോ "
"അതോണ്ട് വുളിച്ചാനല്ലാതെ  വെറെന്തിനെലും പറ്റുമോ "
"ദാ പ്പൊ നന്നായെ ..ഫോണ്‍ വുളിക്കാനല്ലാണ്ടെ തുണി അലക്കാം പറ്റുമോ "
"അതല്ലാന്നും... അത് സ്മാർട്ട്‌ ഫോണ്‍ അല്ലാന്നും... "
പടച്ചോനെ അണക്കെന്തിനാപ്പോ സ്മാർട്ട്‌ ഫോണ്‍
"പിന്നേ ഇക്കെന്താ അതൊന്നും പറ്റൂലെ , ഇങ്ങൾ അമ്മായിന്റെ അയിഷാനെ നോക്കാ ..ഒളെക്കെണ്ടല്ലോ , ഹാരിസ് കാക്കുനോട് കണ്ടുംങ്ങോണ്ട വർത്താനം പറച്ചില് "

"എടി അവള്ക്കത് ഒരാവശ്യമാണ് , ഗൾഫിലുള്ള ഹാരിസിനെ  , അതായത് അവളെ കേട്ടിയവനെ , അതിലൂടെ എങ്കിലും കണ്ടു സംസാരിക്കാലോ? നിനക്ക് കാണേണ്ട ഞാൻ, നിന്റെ മുന്നിൽ തന്നെയില്ലേ പിന്നെ എന്താ " - ഒരു പുഞ്ചിരി പാസാക്കി ഞാനൊന്ന് സുന്ദരനായി നിന്നു.
"ഔ കണ്ടാലും മതി , ഇങ്ങളെ കാണനോന്നുമല്ല. ഇന്റെ ആങ്ങളയും ദുബായിലാണ് ഇനിക്ക് ഓനെ കണ്ട് സംസാരിക്കാലോ "

ഇനിഅതികം മിണ്ടാതിരിക്കുന്നതാണ് നല്ലത് കാരണം സബ്ജക്റ്റ് അവളുടെ വീട്ടു കാരാണ്

"നമുക്ക് ആലോചിക്കാം " - ഒരു താല്ക്കാലിക രക്ഷപെടൽ

 ഇങ്ങളെ ആലോചനയൊന്നും ഇക്ക് കേക്കണ്ട, മുമ്പും ഇങ്ങൾ കൊറേ ആലോചിച്ചതാണ് അന്നോക്കീം ആലോചന മാത്രേ ണ്ടായിട്ടുള്ളൂ  , ഇക്ക്  ഇന്നെന്നെ വേണം "
കുടു ങ്ങി  പടച്ചോനെ
"ഇന്നോ? ഇന്ന് ഞായറ ല്ലേ ഇന്ന് ശെരി ആകൂല "
"എന്താ ഞായറായ്ച്ച ഫോണ്‍ വാങ്ങാം പറ്റൂലാന്നു വല്ല ഹദീസുംണ്ടോ?"
ഇവൾ ഫുൾ പ്രിപേട് ആണ് ഇനി രക്ഷ പ്പെടാൻ പറ്റുംന്നു തോന്നുന്നില്ല .

"എടി നമുക്ക് ഓണ്‍ലൈൻ വാങ്ങാം അതാകുമ്പോ കാശ് കുറവാകും "
"ഇക്കതൊന്നും വേണ്ട, ഇക്ക് സ്മാർട്ട്‌ ഫോണെന്നെ മതി, ഇങ്ങൾ പൈസ കൊറ വുള്ളത് വാങ്ങി ഇന്നെ പറ്റിക്കാനൊന്നും നോക്കണ്ടട്ടോ.....  "

എന്താപോ അവളോട് പറയാ??

"ഇപോ തന്നെ വേണോ "
"ആ ഇപോ തന്നെ വേണം "
"ഞാനൊന്നു പല്ലു തെക്കട്ടെ , പറ്റുമോ "
ഒരു ചിരിയും സമ്മാനിച്ച്‌ അവൾ അടുക്കളയിലേക്ക് മുങ്ങാം കുഴിയിട്ടു.
അകത്തു നിന്നും പൊരിച്ച കോഴിയുടെ മണം അക്നൊളജ്മെന്റായി എന്റെ
നാസികയിൽ തുളച്ചു കയറി.

ഇന്നാളു വരേയ്ക്കും എന്റെ അനുഭവത്തിൽ , മണ്ണാർക്കാട് അങ്ങാടിയിൽ തുണിക്കട യും ജ്വല്ലറി ഷോപും ആണ് ഏറ്റവും തിരക്കുള്ള വാണിഭശാലകൾ. എന്നാൽ ഇന്നു മനസിലായി അവരോട് കിടപിടിക്കുന്ന മറ്റൊരുവൻ കൂടിയുണ്ടെന്ന്-മൊബൈൽ ഷോപ്പ് .
തിക്കിയും  തിരക്കിയും  ഒടുവിൽ ഞാനത് സാധിച്ചു .
പ്രിയ കമ്മ്യൂണി സ്റ്റ് രാജ്യമേ.. പ്രിയ ചൈനാ ഭൂമിയെ.. നിനക്കെന്റെ വിപ്ലവാഭിവാധ്യങ്ങൾ ..ഇതാ നിന്റെ മണ്ണിൽ നിന്നും ജന്മം കൊണ്ട ഈ ഉപകരണം ഞാൻ കിട്ടി ബോധിച്ചിരിക്കുന്നു.

"ഇന്റെ പടച്ചോനെ ഇത്രീം വെൽതൊന്നും വേണ്ടീന്നില്ലാട്ടോ , ഇതിന് കൊറേ പൈസ ആയി കാണുഓലോ "
സന്തോഷത്തിൽ മതി മറന്ന ഭാര്യയുടെ  കമന്റ്‌
"ആ കൊറേ ആയി..അന്റെ ഒരു പൂതിയല്ലേ ഞാൻ കായി നോക്കീല "
ഇരിക്കട്ടെ കുറച് വെയിറ്റ്
"ന്നാലും എത്ര ആയി "
യഥാർത്ഥ വില പറഞ്ഞാൽ അകത്തു ചട്ടിയിൽ ഇരിക്കുന്ന പൊരിച്ച കോഴി പണിക്കാരി ലക്ഷ്മി ചേച്ചി കൊണ്ടു പോകുന്നത് കാണേണ്ടി വരും എന്നുള്ളത് കൊണ്ട് പറഞ്ഞില്ല
"അതിനൊക്കെ കൊറേ ആയി "
"ന്നാലും...??"
"പത്തിരുപത്തന്ജായി "
"പടച്ചോനെ ഇരുപത്ത യ്യായിരൊ , വേണ്ടീര്ന്നില്ല "
"ന്നാ ഇങ്ങട്ട് തന്നളാ ഇപോ കൊണ്ടേകൊട്ത്ത തിരിച്ച്ട്ക്കും "
ഉത്തരം പറയാതെ വീണ്ടും അടുക്കളയിലേക് മുങ്ങാം കുഴി
"എടീ ഫോണ്‍ ഇങ്ങോട്ട് കൊണ്ടുവാ എങ്ങനെയാ ഉപയോഗിക്കാന്നു പടിപിച്ചു തരാം... "
"വേണ്ടാ ഞാൻ ഐഷാന്റെക്കന്നു പടിചോളാം "

ദിവസങ്ങൾ ക്കപ്പുറം
"ഭാര്യേ ..." ഞാൻ നീട്ടി വിളിച്ചു
ന്തോ
അതേയ് നാളെ തിങ്കൾ അല്ലെ  എന്നെ പഞ്ചായത്ത് ഓഫീസിൽ പോകാൻ ഒന്നോർമ്മി പ്പിക്കണേ , എന്റെ ഓർമ ശക്തി അണക്കറിയാലോ , ഞാൻ എന്തായാലും മറക്കും "
"ന്തിനാ അത് "
നമ്മളെ കല്യാണം കഴിഞ്ഞിട്ട് ഇത്രേം നാളായിട്ടും മാരെജ്‌സർറ്റിഫികറ്റ് വേടിച്ചിട്ടില്ല നാളെ തന്നെ വേടിക്കണം
"പിന്നെ... ഓലെ സർറ്റിഫികറ്റ് കിട്ടീട്ട് വേണ്ടെ ,കുട്ട്യേള് രണ്ടായി ഇതിലും വെല്ല്യെ  സർറ്റിഫികറ്റ് എന്താള്ളൂ"
"അതല്ലാടി , ഇത വിസ പ്രോസസ്സിനു വേണ്ടിയാ,നാളെ തന്നെവാങ്ങണം അല്ലെങ്കി ചാൻസ് പോകും  "
"ഇന്റെ ആങ്ങള പാസ്പോർട്ടും കൊണ്ടാണല്ലോ പോയത് , ഓല്ക്ക് അതൊന്നും വേണ്ടീലല്ലോ "
"അന്റെ ആങ്ങള വല്ല കാലിഫൊർനിയക്ക് പോണ ഉരുവിലും ആയിരിക്കും പോയിരിക്ക "
"ഒരലിലും ഒലക്കീലൊന്നു അല്ല വിമാനത്തി തന്നെ പോയത്, കൊയികൊട് എയർപോർടില് ഞമ്മൾ എല്ലാരും കൂടി അല്ലെ കൊണ്ടാക്കിയെ , ഇങ്ങളത് മറന്നോ,അന്ന് പാരടയിസിന്നു ബിരിയാണി തിന്നതും കുൽകി സർവത് കുടിച്ചതും ഒന്നും ഓർമ ഇല്ലേ, വെറ്തെ അല്ല ഇങ്ങക്ക് ഒന്നും ഓർമ നിക്കാത്തെ"
"എടീ ഞാനൊരു പടത്തിലെ വിറ്റ്‌ പറഞ്ഞതാ .."
"ഐന് അന്ന് ഞമ്മൾ പടതിനൊന്നും പൊയിലല്ലൊ"
"ഹൂ ഒന്നൂല്ലാ...ഞാനൊന്നും പറഞ്ഞിട്ടില്ല "
"ആ ശെരിയാട്ടോ ഞമ്മൾ അന്നന്നെ  തട്ടത്തിൻ മറയത്ത് കണ്ടത് ,ഐലങ്ങനെ  ഒരു വിറ്റ്‌ണ്ടാര്ന്നോ ഇക്കോർമ ല്ലാലോ "
"അതിൽ അങ്ങനെ ഒരു വിറ്റും ഉണ്ട് അവസാനം നായകൻ നായികയെ കഴുത് ഞെരിച്ചു കൊല്ലും ച്ചെയും , ഇയ്യോടിക്കോ ഇവിടുന്ന്.. "
"മ്മാ ദോക്കീം " അവൾ അകത്തേക്കോടി
"എടീ നാളെ പഞ്ചായത്തിൽ പോകാൻ ഒർമിപ്പിക്കണം , മറക്കണ്ട " അകത്തേക്ക് നോക്കി കൊണ്ട് എന്റെ ഉച്ചത്തിലുള്ള ഓർമ്മപ്പെടുത്തൽ
"ഒർമിപ്പിക്കാം..."

തിങ്കൾ ....
ചൊവ്വ ...
ബുധൻ ..
വ്യാഴം ...

"ഇന്ന് വെള്ല്യഴ്ചെണ്  പള്ളീൽ പോണില്ലേ , ഇങ്ങൾ പോയി കുളിക്കാൻ നോക്കീം" മുകളിലെ മുറിയിൽ  മക്കളുമൊത്തുള്ള കളിക്ക് വിഗ്നം വരുത്തി കോണി പടികൾക്ക് താഴെ നിന്നും ഭാര്യയുടെ ആജ്ഞ.
"ഓ ശെരിയാണല്ലോ ഞാനത് മറന്നു, ഈ ഇടെ ആയി എല്ലാം മറക്കുകയാണ്  "
പക്ഷെ ആ മറവി എന്നെ മറ്റൊരു കാര്യം ഓർമ പെടുത്തി - മാരെജ് സർറ്റിഫികറ്റ് 
അതെ അത് മറന്നിരിക്കുന്നു 
ഷിറ്റ് ഷിറ്റ് ഷിറ്റ് ഷിറ്റ് ദേഷ്യം കൊണ്ട് എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി 
"ടീ !!!!!"
ഉച്ചത്തിലുള്ള വിളി കേട്ട് കോണി പടികൾ ഓടി കയറി  കിതച്ചു ഭാര്യ വാതിൽക്കൽ 
"ന്താ ..ന്താ ണ്ടായേ .."
"അന്നോട് ഞാനൊരു കാര്യം ഒർമിപ്പിക്കാം പറഞ്ഞീ ന്നോ "
"ന്ത്‌ കാര്യം "
"അന്റെ തല" 
"ഇന്റെ തലയോ ? ആ ഇപോ കിട്ടി , ഇന്റെ തലീൽ തേക്കാൻ ഇന്ദുലേഖന്റെ എണ്ണ വാങ്ങാനല്ലെ , അത് ഞാൻ ഇങ്ങളോടല്ലേ  പറഞീന്നേ ... അത് സാരല്ല പള്ളി വുട്ട് വെരുമ്പോ വാങ്ങിയ മതി  "
ദേഷ്യം എന്റെ മനസ്സിനെ കീഴടക്കി കഴിഞ്ഞിരിക്കുന്നു ..ഇപ്പോൾ അത് കയ്യിലേക് പ്രവിഹിചു കൊണ്ടിരിക്കുകയാണ് - എങ്കിലും സമചിത്ത കൈ വിട്ടില്ല 
"ഇയ്യത് മറന്നുല്ലേ , അന്നോട് ഞാം പഞ്ചായത്തി പോകാൻ ഓർമി പ്പിക്കാം പറഞീ ന്നോ "
"ഞാം മറന്നൊന്നും ഇല്ല "
"ന്നട്ടെന്തേ ഇയ്യ് ഓർമിപ്പി ക്കാഞ്ഞെ "
"ആരെ പറഞ്ഞു ഒർമിപ്പിചിലാന്ന്? "
"എപൊ ഓർമിപ്പിച്ചു "
"അന്നെന്നെ "
"എന്നെന്നെ "
"തിങ്കളാഴ്ചെന്നെ "
"തെങ്ങേണ് ഇയ്യൊർമിപ്പിചെ "
അതിന് എന്റെ ഭാര്യ പറഞ്ഞ മറുപടി ഒരു മിന്നൽ പിണറായി എന്റെ കാതുകളിൽ തറച്ചു , കാതുകളിൽ നിന്നും ആ വിദ്യുത്‌ തരങ്കങ്ങൾ എന്റെ ശരീരമാസകലം പടർന്നു കയറി , കാലുകൾക്ക് ശക്തി ചോർന്നു ഞാൻ കട്ടിലിൽ ഇരുന്നു , കണ്ണുകളിൽ ഇരുട്ട് മൂടുന്ന പോലെ തോന്നി , തൊണ്ട വരണ്ടു , തൊണ്ടയിൽ നിന്നും ചൂടുള്ള ഒരു മരുകാറ്റ് ഇരു ചെവികളിലൂടെയും കണ്ണുകളിലൂടെയും നാസിക ദ്വാരങ്ങളിലൂടെയും ബഹിർഗമിച്ചു,ശരീര മാസകലമുള്ള രോമകൂപങ്ങളിൽ തീക്കനലുകൾ കോരിയിട്ടു,രക്ത പ്രവാഹം ഒരു മദാഢ്യ രൂപം കൈ വരിച്ചു...

അവൾ എന്താണ് പറഞ്ഞത് ഞാൻ ഒന്നു കൂടി റീവയിന്റ്റ് ചെയ്തു 
"ഞാൻ ഇങ്ങക്ക് വാട്സ് അപ്പ് ചെയ്തീനല്ലൊ "

ഈ സമയം കയ്യിലെ മൊബൈലിൽ  എന്തൊക്കെയോ ഞെക്കി കൊണ്ട് ഭാര്യ കോണി പടികൾ ഇറങ്ങി പോകുന്നുണ്ടായിരുന്നു, അങ്ങകലെ കമ്മ്യൂണിസ്റ്റ്  മണ്ണിൽ വീണ്ടും വീണ്ടും സ്മാർട്ട്‌ ഫോണുകൾ ഉൽപ്പാതിപ്പിക്കപ്പെട്ടുകൊണ്ടേയിരുന്നു 

# ചൈനയിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ ശിക്ഷ # എനിക്ക് കുട്ടികൾ രണ്ട്