Saturday, November 23, 2013

അക്കരക്കുന്നിലെ കറുത്ത ഗന്ധര്‍വന്മാര്‍

ഇളം കാറ്റിൽ നൃത്തമാടുന്ന , കണ്ണെത്താ ദൂരതോളമുള്ള നെൽ വയലുകൽക്കിടയിലൂടെ അതിർത്തികൾ  തീർത്ത
വരമ്പിലൂടെ നടന്നാൽ അക്കരക്കുന്നിലെത്തും,പറങ്കിമാവുകൾ കൊണ്ടു മാത്രം നിബിഡമായ ഒരു വലിയ കുന്നിന്പുറം , അതിനപ്പുറം മഴക്കാലത്തും വേനല്കാലതും ഒരിക്കലും കലങ്ങാതെ തെളിനീരോഴുകുന്ന കുന്തിപുഴ,  കുന്നിന്റെ ഉച്ചിയിൽ നിന്നും നോക്കിയാൽ അങ്ങകലെ പോതോഴികാവ്, പോതോഴികാവിലെ പൂരത്തിന്റെ  എഴുന്നള്ളിപ് ഇവിടെ നിന്നും നോക്കിയാൽ അവ്യക്തമായ ഒരു വർണ്ണചിത്രമായി കാണാം  .
അക്കരക്കുന്നിനും പാടങ്ങൾക്കും ഇടയിൽ ശാന്തിക്കൽ തോട്,
തോടിൻറെ രണ്ടു കരകളും രണ്ടു ലോകങ്ങളാണ് ...
ഒരുകരയിൽ കുറുക്കൻ , പന്നി, പാമ്പ് മയിൽ കുരങ്ങ്  പൂച്ച പട്ടി എന്ന് തുടങ്ങി മനുഷ്യനൊഴികെ, ആ നാട്ടുകാർക്കറിയാവുന്ന മറ്റെല്ലാ ജന്തു ജാലങ്ങളും  വിഹരിക്കുന്ന അക്കരക്കുന്ന് , മറുകര നെൽവയലുകളും തെങ്ങിൻതോപ്പുകളും  ഉൾപെടുന്ന , മനുഷ്യജീവികളുടെ വിഹാര സ്ഥലം . വരമ്പിലൂടെ നടന്നാൽ ചെന്നെത്തുക  തോടും പാടവും അക്കരക്കുന്നും കൂടി ചേരുന്ന ഒരുപാറകെട്ടിലാണ്  ..
ഈ പാറ കെട്ട് പ്രകൃതി തന്നെ രൂപ പെടുത്തിയ ഒരു കടത്താണ് , ഇരുലോ കങ്ങൾക്കുമിടയിലുള്ള ഒരു കടത്ത് ...പക്ഷെ ഇന്നുവരെ അതികം ആളുകളൊന്നും തന്നെ അങ്ങോട്ട് പോയിട്ടില്ല.തോടിനോടു  ചേർന്ന് ,വിറകു പെറുക്കാനായി പോകുന്ന ചെറുമി പെണ്ണുകളൊഴികെ


പാറക്കെട്ടിനോട് ചേർന്ന് പാറക്കെട്ടിനു മൊത്തം തണൽ വിരിച്ചു പടർന്നുകിടക്കുന്ന ഒരു പാല മരമാണ്...പാലമരംപൂക്കുന്ന നാളുകളിൽ ഇവിടെ ഗന്ധർവന്മാരെ കാണാറുണ്ട് എന്ന് പഴമക്കാർ പറയാറുണ്ട്, അതാണ്‌ ആ നാടിന്റെ മൊത്തംവിശ്വാസവും ..അതു കൊണ്ടൊക്കെ തന്നെയാണ് അക്കരകുന്ന്  അതികം മനുഷ്യ സ്പർശം ഏല്ക്കാതെ കിടക്കുന്നതിന്റെ രഹസ്യവും ...

പാലപൂത്ത മണവും ഗന്ധർവ ഭയവും ഇന്ന് വരെ ഭയ പെടുത്താത്ത ഒരാളുണ്ട്,
ഭ്രാന്തൻ ശിവൻ
ജട പിടിച്ച മുടി, താടി, മീശ , ഒട്ടിയ കവിളുകൾ , മെലിഞ്ഞ ശരീരം ഇതാണ് ഒരൊറ്റ നോട്ടത്തിലെ ശിവൻ .
പക്ഷെ ശിവന്റെ കണ്ണുകൾ വളരെ തിളക്കമേറിയതാണ് , ഉന്തിയ കണ്ണുകൾ , എന്തിനെയും ചാമ്പലാക്കാൻ പര്യാപ്തമായ തിളക്കം ആ കണ്ണുകളിലുണ്ട്.
ഭ്രാന്തൻ ശിവന്റെ വാസ സ്ഥലമാണിവിടം - ഈ പാറ കെട്ടുകൾ.
നാടുവിട്ടു കാടു കയറാത്ത, കാട് വിട്ടു നാടിറങ്ങാത്ത ശിവൻ..
കാടിനും നാടിനും മദ്ധ്യേ, ഇരുലോകത്തിനും ഒരേ സമയം അന്യനും സ്വന്തവുമായ ശിവൻ..
ഒരിക്കൽ ശിവനും ഈ കരയുടെ പ്രതിനിധി ആയിരുന്നു
ഒരു സാധാരണ മനുഷ്യൻ
ആ നാട്ടിലെ എല്ലാ മനുഷ്യരെ പോലെയും ഉണ്ണുകയും ഉറങ്ങുകയും ഉടുക്കുകയും ചെയ്തിരുന്ന ഒരു മനുഷ്യൻ,അജ്ഞാതമായ എന്തോ ഒരു കാരണത്താൽ ഒരു നാൾ നേരം പുലർന്നപോൾ , ശിവൻകുട്ടി ഭ്രാന്തൻ ശിവനായി , കാലത്തിന്റെ നിയോഗം പോലെ

ഒരു വലിയ തുണി ഭാണ്ഡം, അതിൽ നിറയെ ശിവനു മാത്രം അറിയുന്ന അമൂല്യ വസ്തുക്കൾ,ഇതും തൂക്കി ശിവൻ ഉച്ച വെയിൽ ചാഞ്ഞു തുടങ്ങുമ്പോൾ ആ പാറ കെട്ടിൽ നിന്നും നാട്ടിലെക്കിറങ്ങും , നേരെ വരുന്നത് മണിയെട്ടന്റെ  ചായ കടയിലേക്കാണ്

ഉച്ച മയക്കത്തി ലാണെങ്കിലും  ശിവന്റെ കാൽപെരുമാറ്റം മണിയേട്ടനെ മയക്കത്തിൽ നിന്നുമുണർതും ,മണിയേട്ടൻ തന്റെ സമാവറിലെ ആദ്യ ചായ ശിവനാണ് കൊടുക്കാറ് ..അത് വര്ഷങ്ങളായിമണിയെട്ടനുള്ള ഒരു ശീലമാണ്, ശിവനും  ..
അതിൽ കരുണയുടെ സ്പർശമുണ്ട് ,രാശിയുടെയുമാകാം...
തന്റെ ഭാണ്ഡത്തിൽ ഒളിപിച്ച  ഗ്ലാസ്‌ പുറത്തെടുത് മണിയേട്ടൻ പകര്ന്നു നല്കുന്ന ചായയും വേടിച്ചു ശിവൻ തല താഴ്ത്തി തൊട്ടടുത്തുള്ള  വാക മര ചുവട്ടിൽ പോയിഇരിക്കും..ചായ കുടിച്ചു കഴിയുന്ന വരെ ശിവൻ തല താഴ്ത്തി തന്നെ പിടിച്ചിരിക്കും, ആരെയും ശ്രദ്ദിക്കാതെ

ചായ കുടി കഴിഞ്ഞാൽ ശിവൻ അവിടെ നിന്നും ധ്രിതി പിടിച്ചു നടക്കും , നടത്തം നേരെ പോയി നിക്കുന്നത്കാളിയേടത്  രവീന്ദ്രൻ നായരുടെ വീട്ടിലും..രവീന്ദ്രൻ നായരുടെ അമ്മ മീനാക്ഷികുട്ടിയമ്മ ശിവന്റെ വരവും കാത്തു ഉമ്മറ പടിയിൽ ഇരിക്കുന്നുണ്ടാവും , ശിവനു കൊടുക്കാനായി കരുതിയ ചോറും കൂട്ടാനുമായി .

വീട്ടിൽ എല്ലാവരും എതിർക്കുമെങ്കിലും മീനാക്ഷികുട്ടിയമ്മക്ക് അത് തന്റെ ജീവ ചര്യയുടെ ഒരു ഭാഗമാണ്
പാട വരമ്പത്തുനിന്നും തുടങ്ങുന്ന പടവുകൾ ഉമ്മറം വരെ എത്തി നില്ക്കും , അവസാന പടിയിൽ ശിവൻ ഉപവിഷ്ടനാവും , സ്നേഹത്തോടെ മീനക്ഷികുട്ടിയമ്മ ഭക്ഷണം വച്ച് കൊടുക്കും ..
ഇലയിലെ ഓരോ വറ്റു കളും ആസ്വതിച്ചു കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മീനാക്ഷികുട്ടിയമ്മ ശിവനോട് ഒരു പാട് കാര്യങ്ങൾ സംസാരിക്കും ..ശിവൻ ഒന്നും തിരിച്ചു  പറയാറുമില്ല , ഇന്ന് വരെ ശിവൻ അവരോട് ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല ..അവരോടെന്നല്ല, ശിവൻകുട്ടി ഭ്രാന്തൻ ശിവൻ ആയതിനുശേഷം ആരോടും .

എങ്കിലും മീനാക്ഷി കുട്ടിയമ്മ സംസാരിച്ചു കൊണ്ടേയിരിക്കും , ഉപദേശങ്ങളായും , ലാളനകളായും ,വഴക്കുപറച്ചിലുകളായും ...

"ശിവനും ഭ്രാന്താണ് അമ്മയ്ക്കും ഭ്രാന്താണ് "
അകത്തു നിന്നും രാവീന്ദ്രൻ നായരുടെ ഭാര്യ സ്ഥിരം പരിതപിക്കും

കഴിച്ചു കഴിഞ്ഞാൽ ബാകി വരുന്ന ചോർ പൊതിഞ്ഞു ഭാണ്ഡത്തിൽ തിരുകി കൈകൾ ഭാണ്ഡത്തിൽ തന്നെ തുടച്ചു ശിവൻ തിരിച്ചു നടക്കും..പടവുകളിറങ്ങി പാടവരമ്പിലൂടെ അക്കരകുന്ന് ലക്ഷ്യമാക്കി , മീനാക്ഷി കുട്ടിയമ്മ അവനെ തന്നെ നോക്കി നില്ക്കും, കണ്ണിൽ നിന്നും മാഞ്ഞാൽ ഒരു നെടു നിശ്വാസം വിട്ടു തിരിച്ചു കയറും, നാളെ അവന്റെ വരവും പ്രതീക്ഷിച്ച്...
പ്രതീക്ഷിക്കാൻ മറ്റൊന്നുമില്ലാത്തവരുടെ പ്രതീക്ഷകൾ ബാലിശവും അസ്വാഭാവികവും വിചിത്രവുമാണ്...

സന്ധ്യ നാമം ചൊല്ലി കഴിഞ്ഞാല്‍ മീനക്ഷികുട്ടിയമ്മ ഉമ്മറപടിയില്‍ കാലുകള്‍ നീട്ടി ഇരിക്കും, നിലാവുള്ള രാത്രികളില്‍ അവിടെനിന്നും നോക്കിയാല്‍ മറുകരയിലെ  അക്കരകുന്നിലെ  പാലമരം  കാണാം , പ്രായം തളര്‍ത്തിയ, ചുളിവുകള്‍  വീണ  കണ്ണുകളുമായി  കുറച്ചുനേരം അങ്ങോട്ടു തന്നെ നോക്കിയിരിക്കും
വിണ്ണില്‍ നിന്നും ഗന്ധര്‍വന്മാര്‍, വെള്ളി നിറമുള്ള തിളങ്ങുന്ന പൂമ്പാറ്റകളായി  പാലമരത്തിലേക്ക് ഇറങ്ങി വരുന്നതും,  താഴെ ശിവന്റെ താണ്ഡവതിന് കാവല്‍ നില്‍ക്കുന്നതും കാണാറുണ്ട് ,
മീനാക്ഷികുട്ടിയമ്മക് മാത്രം കാണാവുന്ന കാഴ്ചകള്‍ !!!

ദിനങ്ങൾ പാലമരത്തിലെ ഇലകളെ പോലെ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു..
മണിയേട്ടനും മീനക്ഷികുട്ടിയമ്മയും തങ്ങളുടെ ശീലം തുടർന്ന് കൊണ്ടും  ..

**************************************************************************

"ഇന്നെന്താ ഈ നേരായിട്ടും അവനെ കാണാനില്ലല്ലോ"
സമാവറിലെ തീ കനലുകൾ ചികഞ്ഞു കൊണ്ടു മണിയേട്ടൻ;
"ആരുടെ കാര്യാ മണിയേട്ടൻ പറയണേ?"
"മ്മടെ ഭ്രാന്തൻ ശിവനേയ് "
"സാധാരണ ഈ നെരാവുമ്പോൾതെക്കും ഇവിട്ത്തെ ചായ കുടീം കഴിഞ്ഞ് കാളിയെടത് എത്തണ്ട നേരായി"

"ദാ വരുന്നൂലൊ അവൻ "
പതിവിലും വളരെ വൈകി , ഓടുകയുമല്ല നടക്കുകയുമല്ല എന്നൊരവസ്ഥ
മണിയെട്ടന്റെ ചായ കുടിക്കാൻ നിക്കാതെ അവൻ തുടർന്നു
"ടാ ചായ വേണ്ടേ നിനക്ക് "
നടത്തത്തിൽ മണിയേട്ടനെ ഒന്ന് നോക്കി കൊണ്ട് അവൻ നടത്തം തുടർന്നു
"ഇന്നെന്തു പറ്റി  ഇവന് "
ചായ കടയുടെ ഉമ്മറത്തേ ക്ക് ഇറങ്ങി വന്നു മണിയേട്ടൻ അവനെ തന്നെ നോക്കി നിന്നു
അവനിപ്പോൾ ഓടുകയാണ്
"എന്ത് പറ്റീ ആവോ ഇവന് "

കാളിയെടത്തെ പടവുകൾ ഓടി കയറി അവസാന പടിയിൽ കിതച്ചുകൊണ്ട് അവനിരുന്നു
"ന്തു പറ്റി ശിവാ , ന്താ ന്നു വൈകിയേ "
മീനാക്ഷികുട്ടിയമ്മ ചോറു പാത്രം അവൻറെ മുമ്പിൽ വച്ചുകൊണ്ട് ചോതിച്ചു
അവന്റെ കണ്ണുകളിൽ കാണാറുള്ള ആ തിളക്കം ഇന്ന് കാണാനില്ല - പകരം ഭീതി അവന്റെ കണ്ണുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു
"ന്താ ണ്ടായിയെ , നീ വല്ലാണ്ട് പേടിചിട്ടുണ്ടല്ലോ "
കിതച്ചു കൊണ്ട്അവൻ മീനാക്ഷി കുട്ടിയമ്മയെ തന്നെ നോക്കി ഇരുന്നു
പതിവ് പോലെ മറുപടിയൊന്നും പറയാതെ ശിവൻ ചോറ് കഴിക്കാൻ തുടങ്ങി

"ഇന്നലെ രാത്രീല് അക്കരക്കുന്നിൽ ന്തോ മുരള്ണ ശബ്ദം കേക്കായിരുന്നൂലൊ ,
ന്തോ അരണ്ട വെളിച്ചോം കാണാന്ടായിരുന്നു , ന്തായിരുന്നു ശിവാ "
ആ  ചോദ്യം ശിവനെ ഒന്നുലചിരിക്കണം
അവന്റെ കണ്ണുകളിലെ ഭീതിയുടെ ആക്കം കൂടുന്നതായി മീനാക്ഷികുട്ടിയമ്മക്ക് വായിക്കാൻ കഴിഞ്ഞു
കഴിക്കൽ പാതി വഴി നിർത്തി അവൻ എണീറ്റു , ബാകി വന്ന ചോർ പൊതിഞ്ഞെടുക്കാൻ നിക്കാതെ അവൻ പടികൾ ഇറങ്ങാൻ തുടങ്ങി

"ശിവാ "
ഉച്ചത്തിലുള്ള ആ വിളി അവനെ പിടിച്ചു നിർത്തി
"ന്താ ശിവാ, കഴിക്കിണില്ല്യെ?  "
അവൻ വീണ്ടും തിരിഞ്ഞു ഒരു പടി കൂടി ഇറങ്ങി
"നീ വല്ലോം കണ്ടു പേടിച്ചോ ?"
അവൻ സ്തബ്ധനായി ,
പതിയെ തിരിഞ്ഞു നോക്കി
കൈകൾ അക്കരക്കുന്നിലെക് ചൂണ്ടി -

"ഓടുക , ഓടികൊണ്ടെയിരിക്കുക .. നിൽക്കരുത് , നിന്നാൽ അവർ കൊല്ലും"

ശിവൻകുട്ടി ഭ്രാന്തൻ ശിവൻ ആയതിനു ശേഷം ഒരു പക്ഷെ ആദ്യമായി ഉച്ചരിച്ച വാക്കുകൾ
"ആര് കൊല്ലൂം ന്നാൻറെ കുട്ട്യേ നീ പറയണേ "
"കറുത്ത ഗന്ധർവന്മാർ... "
"കറുത്ത ഗന്ധർവന്മാരോ ?"
"എല്ലാരേം കൊല്ലും , എന്നേം നിങ്ങളേം , എല്ലാരേം , എല്ലാം കത്തിച്ചു ചാംബലാക്കും .."
ശിവൻ തിരിച്ചു നടത്തം തുടങ്ങി...പാടവരമ്പിലൂടെ വേഗത്തിലുള്ള നടത്തം..  ഓട്ടമായി ...

അന്ന് ഒട്ടും നിലാവില്ലാത്ത ഒരു രാത്രിയായിരുന്നു
എങ്കിലും ഉമ്മറ പടിയിൽ നിന്നും അക്കര കുന്നിലെ പാല മരം പതിവിലും  വ്യക്തമായി കാണാമായിരുന്നു
പക്ഷെ വെള്ളി വർണങ്ങളിൽ ഗന്ധർവന്മാർ പൂമ്പാറ്റക ളാ യി പറന്നിറങ്ങു ന്നുണ്ടായിരുന്നില്ല , ശിവന്റെ താണ്ഡവവും

രാത്രി ആ നാടിനെ പൂര്ണമായും പുണർന്നു
ഉറക്കമില്ലാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന മീനാക്ഷി കുട്ടിയമ്മയുടെ ചെവികളിൽ അക്കരക്കുന്നിലെ മുരൾച്ച അസ്വസ്ഥതകൾ തീർത്തു കൊണ്ടേയിരുന്നു ...

അടുത്ത ദിവസം ആ നാടുണർന്നത് വലിയൊരു ആഘാതത്തോടെയാണ് 

അക്കരക്കുന്നിലെ പാല  മരം ശിവൻ വസിക്കാറുള്ള പാറ കെട്ടുകൾക്കു മുകളിലൂടെ കടപുഴകി വീണിരിക്കുന്നു
ആളുകൾ പാട വരമ്പിലൂടെ ഓടി
ഭ്രാന്തൻ ശിവന് എന്ത് പറ്റികാണുമോ
എല്ലാവര്ക്കും ആധി
ആ ഗ്രാമം മൊത്തം തോടിൻറെ ഇങ്ങേ കരയിൽ നിരയായി നിന്നു - മീനാക്ഷികുട്ടിയമ്മയൊഴികെ ,

പക്ഷെ അവർക്ക് കാണാൻ കഴിഞ്ഞത്
അക്കരെ കുന്നിന്റെ ഉച്ചിയിൽ നിന്നും മഞ്ഞ നിറത്തിലുള്ള, യന്ത്ര കൈകളോടു കൂടിയ അനേകം ശകടങ്ങളെയാണ്  , അതിലൊരു യന്ത്രകൈ  പാലമരത്തെ പോക്കിയെടുക്കുന്നു , മറ്റൊന്ന് പാറക്കെട്ടുകളെ തല്ലി പൊട്ടിക്കുന്നു
ആ നാട്ടുകാർ ഇന്ന് വരെ കാണാത്ത ഭയാനകവും സ്വല്‍പകാലാത്ഭുതവുമായ കാഴ്ച 

"എന്താ ഇവിടെ നടക്കണേ"
ആ നാടോന്നടങ്കം വിളിച്ചു ചോതിച്ചു  

മറുകരയിൽ നിന്നും മറുപടി വന്നു
"ഇത് വികസനത്തിന്റെ തുടക്കമാണ്,
പുഴയ്ക്കു കുറുകെ പട്ടണത്തിന്നും  പാലം വരുന്നുണ്ട് - ഇവിടമാകം സമുച്ചയങ്ങളും റോഡുകളുമാവും,സ്കൂളുകളും ആശുപത്രികളും വരും ,ആർക്കും ഒരു ഉപകാരവും ഇല്ലാത്ത ഈ കാടു മൊത്തം സ്വർഗ പൂന്തോപ്പുക ളാകും ,  നിങൾ ഭാഗ്യം ചെയ്തവരാണ്  "

ആ നാടോന്നടങ്കം പുഞ്ചിരിച്ചു

"നിങ്ങൾ തിരിച്ചു പൊയ്ക്കൊൾക , ഞങ്ങൾ പണി തുടരട്ടെ "

മണിയേട്ടനും,വാസുവും, ലക്ഷ്മിയും മുന്പേ തിരിച്ചു നടന്നു - പുറകെ ആ നാടും . എന്തിനവർ അവിടേക്ക് വന്നു എന്നതുപോലും മറന്നുകൊണ്ട് ,
നാളെയുടെ സ്വര്ഗങ്ങളെ കിനാക്കണ്ട്‌

ഇന്ന് ഭ്രാന്തൻ  ശിവൻ എവിടെ എന്നാർക്കുമറിയില്ല , അറിയുകയും വേണ്ട
 അക്കരക്കുന്നിലുള്ള പാമ്പിനെയും പല്ലിയെയും പഴുതാരയെയും പട്ടിയെയും പന്നിയെയും  തെളിച്ചു മറ്റൊരു അക്കരക്കുന്നു തിരഞ്ഞു പോയിരിക്കാം
അങ്ങനെ ആശിക്കാം

ഉമ്മറ പ്പടിയിൽ കാലുകൾ നീട്ടി മീനാക്ഷി കുട്ടിയമ്മ
ഇന്നും അക്കരക്കുന്നിനെ നോക്കിയിരിക്കും
പലവർണങ്ങളിലുള്ള പൂമ്പാറ്റകളായി   കറുത്ത ഗന്ധർവന്മാർ ഇറങ്ങിവരുകയും യന്ത്രവത്കൃത താണ്ഡവം നടനമാടുകയും ചെയ്തു കൊണ്ടേയിരുന്നു ......



Thursday, November 14, 2013

വാലന്ടയിൻ ദിനത്തിലെ മുന്തിരി വള്ളികൾ

feb 14- ഒരു വാലന്റയിന്‍ ദിനതെക്കാള്‍ എന്നെ ഓര്‍മിപ്പിക്കാറ് എന്റെ കോളേജ് ദിനങ്ങളിലെ ഒരു സംഭവതെയാണ്..

കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പുള്ള ഒരു ഫെബ്രുവരി 14 പുലര്‍കാലത്തെ ഹോസ്റ്റൽ ആണ് രങ്കം
 
കോളേജിലെ കാമുകന്മാര് എല്ലാവരും തന്നെ നേരത്ത എഴുന്നേറ്റ് valentine തയാരെടുപ്പുകളില്‍ മുഴുകിയ നേരം .
കോളേജിൽ അറിയപ്പെടുന്ന ഒരു വണ്ടാണ്‌ നിതിൻ. പൂവുകളിൽ നിന്നും പൂവുകളിലെക്ക് മധു നുകർന്നു പാറി നടക്കാൻ വേണ്ടി മാത്രം ഉപരിപടനത്തിനു വന്ന സുന്ദരൻ

ആസ്ഥാന കാമുകന്‍ നിതിന്‍ കണ്ണാടിക്കു മുന്പില്‍ നിന്ന് പ്രശസ്തമായ "നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍കാം..." എന്ന് തുടങ്ങുന്ന മുന്തിരി തോപ്പ് ഡയലോഗ് ഉച്ചത്തില്‍ ഉരുവിട്ട് പഠിക്കുന്നു ( ഇന്ന് ഈ ഡയലോഗ് കേൾക്കാൻ വിധിക്കപ്പെട്ടു ഏതോ പുതിയ പുഷ്പം കോളേജിൽ വിരിഞ്ഞിരിക്കണം- പാവം)

ഉറക്ക ചടവോടെ കട്ടിലില്‍ എണീറ്റ് ഇരിക്കുന്നു നമ്മുടെ ജോബി (തലേ ദിനത്തിലെ കെട്ടോടെ) , ആളുടെ വലിപ്പം അല്ല അകത്താക്കാനുള്ള കഴിവാണ് ഒരാളെ മഹാനാക്കുന്നത് എന്നതിന്റെ ജീവിക്കുന്ന തെളിവാണ് അഞ്ചടി ഒരിഞ്ചുകാരനായ ജോബി .

പനിനീര്‍ പുഷ്പം കൈയില്‍ ഏന്തി കോളേജ് വരാന്തയില്‍ പ്രിയതമയെ കാത്തു നില്‍ക്കുന്നതോ , കടല്‍ കരയില്‍ അനന്ത സാഗരത്തെ സാക്ഷിയാകി ആദ്യ ചുംബനം നല്‍കുന്നതോ ഒന്നും അവന്റെ മനസ്സില്‍ ഇടം പിടിച്ചില്ല..അല്ലെങ്കിലും അതിനോന്നിനുമല്ല അവന്‍ ഈ ഭൂമിയില്‍ ഭുജാതനായത് . എന്നത്തേയും പോലെ ഇന്നും അവന്റെ ദിനം തുടങ്ങുന്നത് അതേ വെവലാതിയോടെ യാണ്-
ഇന്ന് വൈകീട്ട് എങ്ങനെ അടിക്കും

ഈ ഒരൊറ്റ ചോത്യത്തിനു ഉത്തരം കണ്ടെത്തുക എന്നത് മാത്രമാണ് അവന്റെ തലച്ചോറിലെ ഞാഡീ ഞരമ്പുകളുടെ കര്‍ത്തവ്യം..അതിനു അനുസൃതമായി പ്രവര്‍ത്തിക്കുക എന്നത് അവന്റെ കൈ കാലുകളുടെ ധര്‍മവും..അതിനു വാല ണ്ടയിന്‍ ദിനത്തിലെ പൂക്കള്‍ക്കോ സ്വാതത്ര്യ ദിനത്തിലെ ത്രിവര്‍ണ പതാകക്കോ ചലനം സൃഷ്ട്ടിക്കാന്‍ കഴിയാറില്ല ..അങ്ങനെയുള്ള വക ബേധങ്ങള്‍ ഒന്നും തന്നെയില്ല ...

തൊട്ടരുകില്‍ , ജനാല പാളികളിലൂടെ വിദൂരതയിലേക്ക് കണ്ണ് നട്ടു അച്ചായന്(അനീഷ്‌ )‍ ചിന്തമഗ്നനായി നില്‍ക്കുന്നു..രണ്ടു പേരും ഒരേ ജനുസില്‍ പെട്ടവരായത് കൊണ്ടും സ്ഥിരം drinks partners ആയതു കൊണ്ടും സ്വാഭാവികമായും ജോബി യെ അലട്ടുന്ന പ്രശ്നം തന്നെ ആവാം അവനെയും അലട്ടുന്നത് -
എങ്ങനെ അടിക്കും??

ഈ സമയമത്രയും, ഒതുക്കിയിട്ടും ഒതുക്കിയിട്ടും തൃപ്തി വരാത്ത തന്റെ മുടിയിഴകളെ സൂക്ഷമായി പരിലാളിച്ച്‌ കൊണ്ട്  ആസ്ഥാന കാമുകന്‍, കണ്ണാടി നോക്കി, അനെകാവര്‍ത്തി അതെ വരികള്‍ തന്നെ -

"നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍കാം
അതി കാലത്ത് എഴുനേറ്റു മുന്തിരി വള്ളികള്‍ തളിര്‍ത്തു പൂവിടുകയും
മാതള നാരങ്ങാ പുക്കുകയും ചെയ്തോ എന്ന് നോക്കാം
അവിടെ വച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം തരും"

ഓരോ തവണയും ആവര്തികുമ്പോഴും കാമുകന്‍ ; പത്മരാജന്‍ ഈ വരികള്‍ എഴുതുമ്പോള്‍ കടന്നു പോയ മാനസിക തലത്തിലേക് അടുത്ത് കൊണ്ടേ ഇരിക്കുന്നു- കൂടുതല്‍ കൂടുതല്‍ പ്രേമ പരവേശനായി...

നിരാശ,അമർഷം, മദ്യത്തിന്റെ ദൗർലബ്യത ഇതിനിടക്കാണ് കാമുകന്റെ ഡയലോഗ് പഠനം..
പരകോടിയിലെത്തിയ ദേഷ്യത്തെ ഇനി പിടിച്ചു കെട്ടാൻ അച്ചയാനാവില്ല ,
നായകൻറെ വരികളെ ഖണ്ഡണ്ടിച്ചു കൊണ്ട് ജനല്‍ പാളികളിൽ കൈവിരലുകൾ അമർത്തി പിടിച്ചു ഈ ലോകം മുഴങ്ങുമാര്‍ അച്ചായന്‍ തന്റെ മദ്യ പ്രിയതമാനായ ജോബി ക്കായി ഉച്ചത്തില്‍ അലറി

"നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍കാം....." !!!!!!

കട്ടിലിൽ നിന്നും തലകൾ ഉയർത്തി ജോബി അച്ചായനെ അത്ഭുതത്തോടെ നോക്കി -ഒന്നും മനസിലാകാതെ

അച്ചായാൻ തുടർന്നു
"അതി കാലത്ത് എഴുനേറ്റു മുന്തിരി വള്ളികള്‍ തളിര്‍ത്തു പൂവിടുകയും മാതള നാരങ്ങാ പുക്കുകയും ചെയ്തോ എന്ന് നോക്കാം ...(ജനാല കമ്പികളിലെ പിടി വിട്ടു കൊണ്ട് തിരിഞ്ഞു നിന്ന് ജോബിയെ നോക്കുന്നു   )
അവിടെ വെച്ച് പാകമായ മുന്തിരിയും നാരങ്ങയും സമം ചേര്‍ത്ത് ഞാന്‍ നിനക്ക് വാറ്റി തരും "

ഇത് കേട്ട് പ്രണയ പരവശനായ(മദ്യ പ്രണയം ) ജോബി കട്ടിലിൽ നിന്നും എണീറ്റുനിന്നു, അവന്റെ കൈകളിൽനിന്നും പുതപ്പു താഴെ വീണു , അവൻ ഒന്നും അറിയുന്നില്ല , ഇമ വെട്ടാതെ അച്ചായനെ തന്നെ നോക്കി നില്ക്കുന്നു ...
അവന്റെ കണ്ണുകള്‍ നിറഞ്ഞു
ഇന്ന് വരെ ഈ പ്രപഞ്ച്ത്തില്‍ പ്രണയത്തിനായി ഒഴുക്കപെട്ട കണ്ണുനീര്‍ സാഗരങ്ങ ളെക്കാള്‍,
ഷാജഹാന്‍ മുംതാസ് നായി, റോമിയോ ജുലിയറ്റിനായി, ഒഴുക്കിയതിനെക്കാള്‍ തീവ്രവും ആത്മാര്‍ത്ഥവുമായ അശ്രു ബിന്ദുക്കള്‍ -

Wednesday, November 13, 2013

നീലാകാശം പച്ച കടൽ ചുവന്ന ഭൂമി - കാഴ്ചക്കപ്പുറം

നീലാകാശം പച്ച കടൽ ചുവന്ന ഭൂമി:

വാൾട്ടർ സാലസിന്റെ മോട്ടോർ സൈകിൾ ഡയറീസ് എന്നാ സിനിമ സമീർ താഹിറിൽ ഒരുപാട് സ്വാതീനം ചെലുത്തിയിട്ടുണ്ട് എന്നാണ് എനിക്ക് ഈ സിനിമ കണ്ടിറങ്ങിയപോൾ തോന്നിയത്..
അവസാന വര്ഷ മെഡിക്കൽ വിദ്യാർഥി ആയ എർനസ്റ്റൊ യും സുഹൃത്തും കൂടി ലാറ്റിൻ അമേരിക്കയിൽ കൂടി ഒരു മോട്ടോർ സയികിളിൽ നടത്തുന്ന യാത്രയും ,യാത്രയിൽ ഉടനീളം വിവിത തരത്തിലുള്ള ആളുകളെയും അവരുടെ പ്രശ്നങ്ങളെയും നേരിട്ട് കാണുകയും, മറ്...റേതു യുവാക്കളെയും പോലെ വെറും ഒരു റൈഡ് ആയി തുടങ്ങിയ ആ യാത്ര എർനസ്റ്റൊയെ ചെന്നെത്തിക്കുന്നത് നാം ഇന്ന് അറിയുന്ന "ചെഗുവേര" എന്ന പോരാളിയുടെ പിറവിയിലേക്കുമാണ്..
വഴിയിലുടനീളം ഒരു പാട് ബുദ്ധി മുട്ടുകൾ ഉണ്ടായപോഴും യാത്ര തന്നെ മുടുങ്ങും എന്നാ അവസ്ഥ ഉണ്ടായപോൾ പോലും ചിലവാക്കാതെ മാറ്റി വച്ച, തന്റെ ഗേൾ ഫ്രെണ്ട് തന്ന, പണം എർനെസ്റ്റൊ ഒരു ഘനി തൊഴിലാളിക്കും കുടുംബത്തിനും നല്കുന്നുണ്ട് ...ഈ ഒരു രങ്കത്തിന്റെ ആവർത്തനം ആണോ ദുൽഖരും സണ്ണി വെയിനും വടക്കേ ഇന്ത്യയിലെ -ഏതോ ഒരു ഘനി ഗ്രാമ ത്തിൽ എത്തിപെടുന്നതും അവരുടെ പ്രശ്നങ്ങൾ കണ്ടറിയുന്നതും അവരുടെ ഉപജീവനത്തിന് താങ്ങായി അവര്ക്ക് വേണ്ടി ഒരു അരി പൊടിക്കുന്ന യന്ത്രം ഉണ്ടാക്കുന്നതും അവരെ സഹായിക്കുന്നതും എന്ന് തോന്നി പോയി
കൂടെ രങ്കതിനു ഒരു രോമാഞ്ചം നല്കുന്നതിനായി മലയാള ഭാഷ പോലും വശമില്ലാത്ത ബംഗാളിയെ(ആണെന്ന് തോന്നുന്നു) കൊണ്ട് മലയാള കമ്മ്യൂണിസത്തിന്റെ പ്രതീകമായ "ബലി കുടീരങ്ങളെ" എന്ന ഗാനം പാടിക്കുന്നു .. കാസിമിനെ (ദുൽഖരിനെ) മോട്ടോർ സൈക്കിൾ ഡയറീസിലെ ചെഗുവേര എന്ന കമ്മ്യൂണിസ്റ്റ് ആക്കുന്നതിനായുളള ഒരു ശ്രമമാണോ എന്തോ
'സ്ത്രീകൾ' ബലഹീനത ആയിട്ടുള്ള ഒരാളാണ് എർനെസ്റ്റൊ യുടെ സഹചാരി ഗ്രനാഡോ , ഇവിടെ സണ്ണി വെയിനും ഏതാണ്ട് അത് തന്നെ
അത് പോലെ മറ്റു കുറെ രാഷ്ട്രീയ അരാജകത്വങ്ങൾ എങ്ങിനെയൊക്കെ എർനെസ്റ്റൊ യെ സ്വാതിനിക്കുന്നുവോ അത് പോലെ കുറെ അരാജകത്വങ്ങൾ കാസിമിനേയും സ്വാതീനിക്കുന്നുണ്ട്

ശേഷ കൈപ്പട :

പടം എനിക്കിഷ്ടായി നയന മനോഹര ദ്രിശ്യങ്ങൾ കൊണ്ട് ഈ സിനിമ സമ്പുഷ്ടമാണ്..ഒരു നല്ല യാത്ര നടത്തിയ ആനുഭൂതി ...
മലയാളത്തിൽ ഇത്തരം ഒരു പരീക്ഷണം നടത്തിയതിനു സമീർ താഹിർ പ്രശംസ അര്ഹിക്കുന്നു ..പ്രത്യേകിച്ചും നമ്മളെ പോലെ യാത്രകൾ ഇഷ്ടപെടുന്ന വിഭാഗത്തിന്റെ .
സിനിമയിൽ സണ്ണി വെയിന്റെ ഒരു ഡ യലോഗ് കടം എടുത്തു നിർത്തുന്നു
"അപോ ശെരി ഞാൻ പോട്ടെ..ഹാപ്പി ജേർണി "

ബോബ് മാർലിയുടെ ഉത്തരങ്ങൾ

എന്ത് എഴുതണം..എന്തെങ്കിലുമൊക്കെ എഴുതണം..
എന്നത്തേയും പോലെ ബ്രൌസർ തുറന്നു ഓണ്‍ലൈൻ വാര്ത്ത പാരായണവും ഫെയിസ്ബുകിങ്ങും കഴിഞ്ഞു- ഒരു നാല് തവണ എങ്കിലും മേലോട്ടും കീഴോട്ടും ഫേസ്ബുക്ക് പേജിലൂടെ പാലായനം ചെയ്തു..
ഇനി എന്ത്...
തുറന്നു ഗൂഗിൾ മലയാളം റ്റൈപർ..ആലോചനയുടെ മഹാസാകരത്തിൽ സബ്ജക്റ്റ് എന്ന തുരുത്ത് കാണുന്നില്ല, ഞാൻ ആഞ്ഞു തുഴഞ്ഞു..ഇല്ല ഒന്നും കിട്ടുന്നില്ല...
തേങ്ങാ കുല...
ബോബ് മർലി യുടെ സ്ടിർ ഇറ്റ് അപ്...പ് ചെവിയിൽ തിരുകിയ ഹെഡ് ഫോണിലൂടെ തലച്ചോറിലേക് തുളച്ചു കയറുന്നു..അങ്ങിനെ എങ്കിൽ അടിച്ചമർത്ത പെട്ടവനു വേണ്ടി പാട്ടുകൾ പാടിയ ബോബ് മർലിയെ കുറിച് തന്നെ അങ്ങോട്ട് പെടച്ചാലോ... വേണ്ട എപോളും കമ്മ്യുണിസ്റ്റ് ചിന്താഗതിക്കാരെ പറ്റി മാത്രം പറഞ്ഞാൽ പോരല്ലോ…
എന്നാ പിന്നെ എനിക്ക് ആഗോള കുത്തകകളുടെ വക്താവായി സംസാരിക്കാൻ പറ്റുമോ ? അതിനും മനസ് സമ്മദിക്കുന്നില്ല..സമ്മദിചാൽ തന്നെ എന്തെഴുതും...
പ്ലേ ലിസ്റ്റിൽ ബോബ് മെർലി ആയതു കൊണ്ട് ഒന്നിന് പിറകെ ഒന്നായി ബോബ് മർലി ഗാനങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുന്നു ...ഇയാള്ക് വേറെ പണി ഒന്നും ഉണ്ടായിരുന്നില്ലേ(എന്നെ പോലെ)..ഒടുക്കത്തെ പാട്ടുകളല്ലേ ഉണ്ടാക്കി വിട്ടിരിക്കുന്നെ
no woman, no cry ...
അടുത്ത പാട്ട്
bingo ...
നല്ല സബ്ജക്റ്റ്
നോ വുമണ് നോ ക്രൈ ...
എന്താണ് അങ്ങേരു ഉദേശിച്ചത്
"അരുത് പെണ്ണെ, നീ കരയരുത്" എന്നോ അതോ "പെണ്ണ് ഇല്ലെങ്കിൽ കരച്ചിലും ഇല്ല" എന്നോ?
രണ്ടു അർത്ഥങ്ങളും വരികളോട് ചേർന്ന് നിൽക്കുന്നു
ഏതു അർഥം തിരഞ്ഞെടുക്കണം എന്നത് വായിക്കുന്നവന്റെ "അനുഭവങ്ങൾ" സാക്ഷ്യം ..
ഏതു നാണയത്തിനും രണ്ടു വശങ്ങൾ ഉണ്ടല്ലോ...

മുംബയിൽ ഒരു പത്ര പ്രവർത്തക ക്രൂരമായ മാനഭംഗത്തിന് ഇരയായിരിക്കുന്നു..ഇന്നത്തെ വാര്ത്ത..
ഇവിടെ no woman no cry ക്ക് എന്ത് അർഥം നല്കും
പ്രൊഫൈൽ പിക്ചർ ഒരു കറുത്ത ഡോട്ട് ആകിയത് കൊണ്ടും മെഴുകിതിരികൾ കത്തിച്ചു റോഡിലൂടെ നടന്നാലും തീരുന്നതല്ല കാര്യങ്ങൾ
എങ്ങോട്ടാണ് നമ്മുടെ സമൂഹം പോയികൊണ്ടിരിക്കുന്നത്
നിയമങ്ങൾ ശക്തമാക്കിയാലും, അധപതനതിന്റെ ആഴിയിൽ ആണ്ടു കിടക്കുന്ന ഇത്തരം മനോരോകികളെ ഉദ്ബോധനം ചെയാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല ..അങ്ങനെ എങ്കിൽ കൊലപാതക രഹിതമായ ഒരു സമൂഹമായി നാം എന്നെ മാറിയേനെ
പിന്നെ എന്ത് ച്ചെയും ?
അതിനുള്ള ഉത്തരം എനിക്കറിയാമായിരുന്നെങ്കിൽ എനിക്ക് ഈ ബ്രൌസറും തുറന്നു ഇവിടെ ഇരിക്കെണ്ടിയിരുന്നില്ലല്ലോ
വായിക്കുന്ന ആർക്കെങ്കിലും അറിയുമോ ആവൊ
ഉത്തരം തപ്പി ഞാൻ വീണ്ടും ആലോചനയുടെ സാകരത്തിൽ..കണ്ണുകൾ അടച്ചു ദീര്ഘശ്വാസം വിട്ടു കസേരയിൽ പിന്നിലേക് ചാഞ്ഞു...അപോഴും ബോബ് മർലി പാടി കൊണ്ടേ ഇരിക്കുന്നു..
"everything's gonna be alright
everything's gonna be alright "
എന്റെ ചോത്യങ്ങൾക്കുള്ള ഉത്തരമായിട്ടാണോ എന്തോ..

ഭൂമിയുടെ യാത്ര

വീക്ക്‌ എൻഡ് അല്ലെ നേരത്തെ വീടണയാം, പണി ഒക്കെ തീർത്തു ഓഫിസിൽ നിന്നിറങ്ങി ഓടി..ട്രെയിൻ വേണ്ട വൈകിയാലോ, രണ്ടു ലിറ്ററർ ഡീസൽ എങ്കികിലും സബ്സിടി ഇല്ലാതെ വാങ്ങിക്കോട്ടെ എന്ന് ഞാനും..ഒന്നും നോക്കിയില്ല കേറി ആദ്യത്തെ ksrtc യിൽ..
ഭാഗ്യം സീറ്റും കിട്ടി, സീറ്റ് കിട്ടാത്ത ഹദ ഭാഗ്യരെ യാത്രയിലുടനീളം അടി മുടിനോക്കി ഞാൻ എന്റെ യാത്ര ആസ്വദിച്ചു കോണ്ടിരുന്നു ..
പാവങ്ങൾ നിൽക്കുന്നവർ മൊത്തം അവികസിത രാജ്യങ്ങളുടെ ഭരണ കർതാക്കൾ ഞങ്ങൾ ഇരിക്കുന്നവർ പൂര്ണ വീറ്റൊ അതികാരം കയ്യാളുന്നവർ.
ഞെളിഞ്ഞും തിരിഞ്ഞും വിശാലമായി കാലുകൾ നീട്ടിവച്ചും ഞങ്ങളുടെ ആധിപത്യം ഇടക്കിടക് അരക്കിട്ടുറപ്പിച്ചു .. 
എങ്കികിലും ചില ചേരി ചേരാ രാഷ്ട്രങ്ങൾ ചവിട്ടു പടിയിലും മറ്റും ഇരുന്ന് ഹ്യുഗോ ഷാവേസിനെ, അഹമ്മദി നജാദിനെ, പോലെ അവരുടെ അഹങ്കാരം കാണിക്കുന്നുണ്ടായിരുന്നു ഞങ്ങൾ എന്നമുതലാളി വര്ഗത്തെ പുല്ലു വില കല്പ്പിച്ച ലോക സമാധാനത്തിന്റെ അന്തകർ.. ഇവരെ ഉപരോധം കൊണ്ട് പട്ടിണിക്കിട്ട് കൊല്ലാം എന്നിട്ടും പാഠം പഠിച്ചില്ലെങ്കിൽ ആറ്റം ബോംബിട്ടു ചാംബലാക്കം ലോക സമാധാനത്തിന്റെ കാവലാളുകളായ നമ്മുടെ കടമയാകുന്നു..

"തൃശൂര് ആളിറങ്ങാനുണ്ടോ"
ഛെ കണ്ടക്ടർ എല്ലാ മൂഡും കളഞ്ഞു
ഇയാളാര UN സെക്രട്ടറിയോ ഇടക് കേറി ഡയലോഗ് അടിക്കാൻ.
ഇതിനിടയിൽ ചില വികസ്വര രാഷ്ട്രങ്ങൾ ഒഴിവ് വന്ന സീറ്റിൽ കേറിഇരുന്ന് വികസിത രാഷ്ട്രപ്രക്യാപനം നടത്തി കഴിഞ്ഞിരുന്നു.
എനിക്കും കിട്ടി അപ്രകാരം ഒരു പുതിയ അയൽ രാഷ്ട്രം.

പത്തു മിനുറ്റ് ഉണ്ട് ഒരു ചായ കുടിച്ചേക്കാം..
എന്റെ ചായ ഞാൻ ആസ്വദിക്കുമ്പോൾ വിഡ്ഢികളായ മൂന്നാം ലോകരാജ്യങ്ങൾ കോള മോന്തി കൊണ്ടിരുന്നു..അല്ലെങ്കിലും അതങ്ങനെയല്ലേ വരാൻ പാടു അല്ലെങ്കിൽ പിന്നെ ഞങ്ങൾ വിത്തുപാകിയ ആഗോളവൽകരണത്തിന് എന്തു പ്രസക്തി...

ഉച്ചകോടി കഴിഞ്ഞു വണ്ടി പുറപ്പെടാറായി പെട്ടന്ന് ഏതോ സഖ്യ രാഷ്ട്ര
തലവന്റെ ദീന രോദനം
"അയ്യോ എന്റെ പോക്കറ്റടിച്ചേ...!!!!"
തീര്ച്ച ഇതൊരു തീവ്രവാദി ആക്രമണം തന്നെ
ആക്രമിക്ക പെട്ടിരിക്കുന്നത് സഖ്യ രാഷ്ട്രവും ...
ലോക പോലീസ്(?) രങ്കത്ത്..
സമാധാനം പുലർന്നു..
അപരാധിയോ നിരപരാധിയോ
അറിയില്ല മൂന്നു രാഷ്ട്രങ്ങൾ ബസ്സിൽ നിന്നും പരിപൂർണമായി തുടച്ചു നീക്കപ്പെട്ടു
പേഴ്സ് കിട്ടിയില്ലെങ്കിലുമെന്താ ലോക പോലീസ് സമാധാനം പുലർതിയില്ലെ ..
വിലപ്പെട്ട ഒരു മണിക്കൂർ, നഷ്ട്ടം എനിക്കും ബസ്സിനും ...

കാത്തിരിപ്പിനൊടുവിൽ വണ്ടി എടുത്ത ക്ഷണികയിൽ ഡോർ തൊട്ടടുത്ത ഗ്രഹമായ മറ്റൊരു ബസിനെ ചുംബിച്ചു.. ഭ്രമണ പതത്തിനു ചെറിയ വ്യതിയാനം
ലോക പോലീസ് രങ്കത്
ഇരു ഗ്രഹങ്ങളും വർക്ക് ഷോപ്പിലേക്ക്
സമാധാനം പുലർന്നു
നഷ്ടം രണ്ടുമണിക്കൂർ
ബസ്സിനും എനിക്കും. .

ലോക പോലീസിൻറെ നിയന്ത്രണത്തിൽ തിരിച്ചു കയറ്റത്തിൽ പല അങ്കരാഷ്ട്രങ്ങളു ടെ ഭരണാധികാരി കൾക്കും സ്ഥാന ഭങ്കം സംഭവിച്ചിരുന്നു ഭാഗ്യം എനിക്ക് സീറ്റുകിട്ടി

വീണ്ടും ചക്രം തിരിഞ്ഞു തുടങ്ങി
തനിയാവര്തനമോ മറ്റൊരാക്രമണം!!! മറ്റൊരു ഗ്രഹം പുറകിൽ വന്നു താങ്ങി
ലോക പോലീസ് രങ്കത്..
വീണ്ടും വര്ക്ക് ഷോപ്പിലേക്ക്
സമാധാനം പുലർന്നു
നഷ്ടം ഒരു മണിക്കൂർ എനിക്കും ബസ്സിനും ...

സഖ്യ രാഷ്ട്രങ്ങങളും വികസിത അവികസിത ദരിദ്ര കറുത്ത വെളുത്ത എന്നു തുടങ്ങി സകല രാഷ്ട്രങ്ങളും
യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു... തങ്ങളെ വഹിക്കുന്ന വാഹനത്തിന്റെ( ഭൂമി?) അവസ്ഥ എന്തെന്നോ എന്താവുമെന്നൊ നിശ്ചയമില്ലാതെ അല്ലെങ്കിൽ അറിയാത്ത ഭാവം നടിച്

ഗലീൽ ജിബ്രാനും ഒരു പിടി ചോറും

"ഇയ്യ് ചോറ്‌ന്ന്ണണ്ടോ"

ഭാര്യയും മൂന്നു വയസായ മകളും ദിവസേന നടന്നു വരാറുള്ള വടം വലി, പുറത്ത് ഇരുട്ടിന്റെ ഭംഗി ആസ്വതിചു, കൈ വരികളിൽ തലയ്ക്കു മുകളിൽ കാൽ വരുന്ന രൂപേണ ചാരു കസേരയിൽ ചാരി കിടക്കുന്ന എന്റെ ഗഹന ചിന്തകളെ തട്ടി ഉണർത്തി.

"അന്നോട് ചോറ്‌ന്നാം പറെനെക്കാളും, കുഞ്ഞിമാളുനോട്‌ കുളിചാം പറെണതാ"

നാട്ടിലെ മുറ്റങ്ങളായ മുറ്റങ്ങളെല്ലാം അതികാലത്തു വന്നു വൃത്തിയാക്കുകയും വെടുപ്പാകുകയും ചെയുമെങ്കിലും, പോതോഴികാവ് പൂരത്തിനും മണ്ണാർക്കാട് പൂരത്തിനും മാത്രമേ കുഞ്ഞിമാളുവിനെ കുളിച്ചു വൃത്തിയിൽ കണ്ടിട്ടുള്ളു - അതാവാം ഭാര്യയുടെ ഉപമ കുഞ്ഞിമാളുവിലേക്ക് വിരൽ ചൂണ്ടിയത്

"ഇയ്യ് വെറുതെ അവളോട് ചൂടാകണ്ട -

എടി.. മക്കളെ വളര്താൻ ഒരു നേക്ക് വേണം അല്ലാതെ ഇജ്ജ് ഈ കടന്നു ചാടി കളിക്കലൊന്നും അല്ല “

" നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ കുട്ടികൾ അല്ല ...അവർ നിങ്ങളിലൂടെ വന്നു പക്ഷെ നിങ്ങളിൽ നിന്നുമല്ല , അവർ നിങ്ങളുടെ കൂടെയുണ്ടെങ്കിലും അവർ നിങ്ങള്ക്ക് സ്വന്തമല്ല , അവർക്ക് നിങ്ങളുടെ സ്നേഹം നല്കാം , നിങ്ങളുടെ ചിന്തകൾ അല്ല, അവർക്ക് അവരുടെതായ ചിന്തകളുണ്ട് "

കണ്ണ് തുറിച്ചു നില്ക്കുന്ന ഭാര്യ – എന്താദ്?

"എടി ഇതാ പറഞ്ഞെ വല്ലപോളുമൊക്കെ കൊറച്ചൊക്കെ വായിക്കണം, ഗലീൽ ജിബ്രാൻ എന്ന് കേട്ടുകുണോ ഇയ്യ്"

വീണ്ടും കണ്ണ് തുറിക്കൽ - ഇല്ല

ആ ന്നാ കേട്ടോ അങ്ങനെ ഒരാളുണ്ട് വെല്യ സാഹിത്യകാരനാ ഇത് മൂപര് പറഞ്ഞതാണ്

ഇങ്ങട്ട് കൊണ്ടരെ ഞാൻ കൊടുക്കാം ചോറ് , ഉത്തമാഗാരത്തിലെ ഉതമപുരുഷന്റെ ഉത്തരവാദിത്വം

അതൊന്നു തെളിയിക്കാൻ തന്നെ തീരുമാനിച്ചു

"മോള് ഇങ്ങട്ട് വാ ഇന്ന് അബ്ബ തെരാ"

ഉമ്മാന്റെ അടിയിൽ നിന്നും രക്ഷപെടാൻ കിട്ടിയ ചാൻസ് അവൾ ഓടി മടിയില കയറി ഇരുന്നു

“ഐഷുമോളെ ഇത്‌ മുഴുവനോം തിന്നണംട്ടോ “

അവൾ തലകുലുക്കി സമ്മതിച്ചു

"ന്നാ കാണാലോ " എന്നും പറഞ്ഞു മടിയിലേക് ചോറു പാത്രം വലിച്ചെറിഞ്ഞു (എന്ന് പറയുന്നതായിരിക്കും ഉത്തമം) പ്രിയതമ അടുക്കളയിലേക് മുങ്ങാം കുഴിയിട്ടു.

ഉരുളകൾ ഉരുട്ടി ഉരുട്ടി പാത്രം നിറയെ കുറെ ഗോളങ്ങൾ രൂപാന്തര പെട്ടു എന്നതല്ലാതെ അതിൽ നിന്നും ഒരെണ്ണം പോലും അപ്രത്യക്ഷമായില്ല.

പടച്ചോനെ കുടുങ്ങി ഇതിപോ പ്രെസ്റ്റിജ് ഇഷ്യൂ ആയല്ലോ

മോള് ആണേൽ ഒരു ഉരുള പോലും തിന്നുന്നും ഇല്ല , ഇവളോട് ജിബ്രാനെ പറ്റി എന്ത് പറയാൻ

“മോളെ ഇത് മുഴുവനും തിന്നാ അണക് ഞാൻ നാളെ ഒരു സായനം വാങ്ങി തെരാ”

നോ രക്ഷ , അവള്ക്ക് വേണ്ട സാതനങ്ങൾ ഈ ചോർ തിന്നാതെ തന്നെ കരഞ്ഞു വേടിക്കാൻ അവൾക്കറിയാലോ. ഇപോ ഞാൻ ആണ് കുടുങ്ങിയെ

പഠിച്ച പണി പതിനെട്ടും നോക്കി , സ്വാഹ:


ഒരു നേരം ഭക്ഷണം കഴിച്ചില്ല എന്ന് വച്ച് ഒന്നും സംഭവിക്കാൻ പോണില്ല

ഞാൻ വാതിൽ പാളിയിലൂടെ അകത്തേക് എത്തി നോക്കി

ഭാര്യ അടുക്കളയില തന്നെയെന്നു ഉറപ്പു വരുത്തി

പാത്രത്തിലെ പന്തുകൾ ഒന്നൊന്നായി എൻറെ വായിലൂടെ ഗോളുകൾ അടിച്ചു കൊണ്ടിരുന്നു..

മോളുടെ ചിരി കേട്ട് പെട്ടന്ന് രങ്ക പ്രവേശം ചെയ്ത ഭാര്യ...

അലാക്കിലെ ആവുലും കഞ്ഞീം... കവിളുകൾ വീർപിചു പുറത്തേക് തള്ളി നില്ക്കുന്ന ചോറുഉരുളകളെ തലോടി വന്ന ഒരു വളിഞ്ഞ ചിരി ചിരിക്കാനെ കഴിഞ്ഞുള്ളൂ...

ഇങ്ങൾ പറഞ്ഞ ജിബിരീൽ(ജിബ്രാൻ?!!) ഇതും പറഞ്ഞുക്കുണോ , മക്കൾ തിന്നില്ലെങ്കിലും വേണ്ടില്ല സ്വന്തം പള്ള നറചാ മതിന്ന് ??

ജിബ്രാന്റെ പത്തു തലമുറ മേല്പോട്ടും കീഴ്പോട്ടും തെറി വിളിക്കാനാണ് എനിക്ക് തോന്നിയെ, ഓരോ നിയമങ്ങൾ ഉണ്ടാക്കിവിട്ടിരിക്കുന്നു...

ജിബ്രാൻ.. താങ്കൾ എന്നോട് ക്ഷമിക്കുക... താങ്കള് ലോക സാഹിത്യത്തിലെ അമരക്കാരൻ ആവാം , ആത്മാവിനെ പരിപോഷിക്കും ചിന്തകളുടെ ഉപഞാതാവാം, കാലങ്ങളെ അതിജീവിക്കും കാവ്യങ്ങളുടെ കര്താവാകാം , ലോകമാകുന്ന പുസ്തകത്തിന്റെ ഉത്തരകാണ്ഡം നിങ്ങളാൽ കുറിക്കപ്പെട്ടതാവാം,നിങ്ങൾ അങ്ങനെ പലതുമാകാം, പക്ഷെ താങ്കൾ ഒന്ന് മാത്രം അല്ല - എന്റെ ഭാര്യയുടെ ഭർത്താവ് ,
അതായിരുന്നു താങ്കൾ എങ്കിൽ, ഇവിടെ ഉപലക്ഷിതം ചെയാൻ താങ്കളുടെ ഒരു വരി ഉപപാദ്യം പോലും സാഹിത്യ ലോകം കാണില്ലായിരുന്നു

വാൽകഷണം : എൻറെ പോന്നു ഭാര്യെ ഇതൊക്കെ ഓരോ തമാശയല്ലേ , വെറുതെ എന്തെങ്കിലുമൊക്കെ എഴുതണ്ടേ ഈ ബാബുക്കാക് , അല്ലാതെ ഒരു സത്യോം ഇല്ലട്ടോ .. (വായനക്കാരെ, ഈ അടുത്തായി അവളും ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്)