Monday, October 17, 2016

ബോമ്പോനേരായിലെ ശവകുടീരങ്ങൾ - Based on a true story



പണ്ട് പണ്ട് ഒരിടത്ത്....ബാല്യത്തിലിത്തരം കഥകൾ നമ്മളിൽ പടർത്തിയിരുന്ന ചിത്രക്കൂട്ടുകളുടെ നിറങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് - ഒരു യാത്രാ വേളയിലോ അല്ലെങ്കിൽ ഓഫീസിലെ തൊട്ടരികിലിരിക്കുന്ന ഒരു വ്യക്തി, അയാളുടെ ജീവിതാനുഭവങ്ങൾ നമ്മളുമായി പങ്കുവെക്കുമ്പോൾ.
ഒരു പക്ഷെ അവ നമ്മളെ ആഴത്തിൽ സ്പർശിച്ചേക്കാം , ചിന്തിപ്പിച്ചേക്കാം .. 

"എന്നു മുതൽ തുടങ്ങി ഈ ഫുട്ബോൾ ഭ്രാന്ത്? " 
എന്റെ ചോദ്യത്തിന് പല്ലുകൾ കടിച്ചു പിടിച്ചുള്ള, പതിവു പുഞ്ചിരിയായിരുന്നു റൊമീനയുടെ മറുപടി. 
കൊയ്തൊഴിഞ്ഞ പാടങ്ങളിൽ, ഫ്ളഡ് ലൈറ്റിന്റെ അകമ്പടിയോടെയുള്ള ആരവങ്ങളിൽ സെവൻസ് ആസ്വദിച്ച, ലോകകപ്പ് വേളകളിൽ പുലരുവോളം സുലൈമാനികളിൽ ഉറക്കത്തെ ഒളിപ്പിച്ചു; സ്വപ്‍ന ടീമുകളുടെ കളികൾ ആസ്വദിക്കാറുള്ള ,ആയിരങ്ങളുടെ പ്രതിനിധിയായി ഈ അർജന്റീന മണ്ണിൽ കാലുകുത്തിയ എനിക്ക്, ആ ചോദ്യത്തിനുത്തരം കിട്ടിയേ മതിയാകൂ.
ഞങ്ങൾക്ക് നിങ്ങളുടെ ടീമുകൾ എങ്ങനെ പ്രിയപ്പെട്ടതായി  എന്നതിനേക്കാൾ, നിങ്ങൾക് അതെങ്ങിനെ-അതിന്റെ ആഴവും പരപ്പും എന്ത് ; ആകാംക്ഷ 

"പറയൂ എന്ന് മുതൽ, എങ്ങനെ" എന്റെ ചോദ്യങ്ങൾ ഇവിടെ അവസാനിക്കില്ല , 
ഫുട്ബോൾ അത് കഴിഞ്ഞു ജീവിതം -  അത് തന്നെയാണ് റൊമീനക്കും മറ്റേതൊരു അർഹന്റീന(അർജന്റീന) കാരെപോലെയും.
ഫുട്ബോൾ - വെറുമൊരു കളിയുടെ പുറംചട്ടയിൽ ഒതുക്കാതെ, ഒരു മാറാവ്യാധി പോലെ കൊണ്ടുനടക്കുന്ന അനേകം അർഹെന്റീനക്കാരിൽ ഒരുവൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ, ചൊറിഞ്ഞിരിക്കാൻ സുഖമുള്ള ,ലോക സമാധാനത്തിനായുള്ള -വരട്ടു ചൊറി പോലൊരു വ്യാധി. 

ഒരു പാട് നിർബന്ധത്തിനു വഴങ്ങി അവൾ പറഞ്ഞു തുടങ്ങി -
മൂന്നോ നാലോ വയസ് പ്രായം ,മറഡോണയെന്ന മാന്ത്രികനു ജന്മംകൊടുത്ത, ബൊക്കാ ജൂനിയേർസ് സ്വന്തം ഗ്രൗണ്ടായ ലാ ബോമ്പോനേരാ സ്റ്റേഡിയത്തിൽ , ചിര വൈരികളായ റിവറിനെതിരെ കളിച്ചു കൊണ്ടിരിക്കുന്നു.
തന്റെ മുന്നിലെ TV സ്‌ക്രീനിലെ പച്ചവെളിച്ചം എന്താണെന്ന് അറിയില്ലെങ്കിലും, എല്ലാമെല്ലാമായ അച്ഛൻ; വളരെ ആകാംക്ഷയോടെ തന്നെ ചേർത്ത് പിടിചിരിക്കുന്നത്, എന്തിനോ വേണ്ടിയാണെന്ന തോന്നലുള്ളതുകൊണ്ടോ എന്തോ, അവൾ അച്ഛന്റെ മടിയിൽ തന്നെയിരിപ്പായി.

ഏറെ വൈകാതെ തന്റെ കയ്യിലേക്ക് ഇറ്റി വീണ വെള്ളത്തുള്ളികൾ അവളുടെ ശ്രദ്ധയെ അച്ഛനിലേക്കു തിരിച്ചു .
ഏതു വിഷമഘട്ടത്തിലും പതറാത്ത ആ മനുഷ്യന്റെ കണ്ണുനീർ പ്രവാഹങ്ങൾക്, ആ മകളുടെ സാന്നിധ്യം വിലങ്ങു തടിയായിരുന്നില്ല.
പ്രിയ ടീമിന്റെ പരാജയം.
മകളെ ചേർത്ത് പിടിച്ചയാൾ ഉച്ചത്തിലുച്ചത്തിൽ കരഞ്ഞു കൂടെ മകളും.

"അവിടെ നിന്നും തുടങ്ങി എന്റെ പ്രണയം, എന്റെ ഭ്രാന്ത് , എന്റെ ജീവിതം , അവിടെ നിന്നും തുടങ്ങിയില്ലെങ്കിൽ പിന്നെ മറ്റെവിടെ നിന്നുമത് തുടങ്ങില്ല".
കഥകൾ ഒന്നിനു പിറകെ ഒന്നായി അവൾ പരത്തിയിട്ടു. ഗ്രൗണ്ടിന്റെ മധ്യേ നിൽക്കുന്ന ഒരു ബാലനു, നാലുഭാഗങ്ങളിൽ നിന്നും ഉരുട്ടി കൊടുത്ത ബാളുകൾ പോലെയവ എന്റെ ചുറ്റിലും ചിതറിക്കിടന്നു.
ഏതെടുക്കണം എന്നറിയാതെ.
എന്റെ ഓർമകളുടെ അറകൾക്ക് അവയെയെല്ലാം ഒരുമിച്ചു സ്വരൂപിക്കാൻ കഴിയുന്നതിനുമപ്പുറം. 

കഥാന്ത്യത്തിൽ അച്ഛന്റെ  മരണം.
മരണാനന്തര  കാര്യങ്ങളെ കുറിച്ച് പറഞ്ഞില്ലെങ്കിൽ ഈ കുറിപ്പ്  പൂർണമാകില്ല.
പക്ഷെ എന്റെ വരികൾ അവയെ പൂർണമായും  വരച്ചു കാണിക്കത്തക്ക ശക്തമല്ലതാനും.
അച്ഛന്റെ മരണം അവളെ കരയിച്ചില്ല.
ഏക മകളായ അവൾ അമ്മയെ ചേർത്ത് പറഞ്ഞു
"ലൊലാമെന്തോ മാമി" - I am sorry Maami.
തന്റെ നഷ്ട്ടം അവളൊരു വാക്കിൽ കുഴിച്ചുമൂടി.അമ്മയെ സമാധാനിപ്പിക്കാനോ ? അറിയില്ല, ചോദിച്ചതുമില്ല.
ഇലക്ട്രിക് ശ്‌മശാനത്തിൽ നിന്നും ചിതാഭസ്മം ഏറ്റു വാങ്ങി,എല്ലാവരും പിരിഞ്ഞു പോയി.
അച്ഛനില്ലാത്ത വീട്ടിൽ അമ്മയെ തനിച്ചാക്കി അവളിറങ്ങി നടന്നു. 
മുൻകൂട്ടി നിശ്ചയിച്ച ഏതോ ലക്ഷ്യത്തിലേക്കെന്ന പോലെ, അച്ഛന്റെ കൈകൾ പിടിച്ചു നടന്ന വീഥികളിലൂടെ ഒറ്റക്ക്. ഒരു തരി കണ്ണുനീര് പോലും പൊടിയാതെ. വേഗത കൂടിയ നടത്തം.

ഇരുൾ മൂടിയ നിശബ്ദമായ ലാ ബോമ്പോനേരാ സ്റ്റേഡിയം.
ആർപ്പുവിളികളോ ആരവങ്ങളോ ഇല്ല.അകലെയല്ലാത്ത റിയോ ദേ ലാപ്ലാത്ത നദിയിൽ നിന്നും തണുത്ത ഒരു കാറ്റ് അവിടെയാകെ തളം കെട്ടിയിരുന്നു.
കവാടത്തിൽ- തന്നെ കാത്തുനിൽക്കുന്ന, അച്ഛന്റെ പഴയായൊരു സുഹൃത്ത്.
ഇരുവരും ഒന്നും സംസാരിക്കാതെ, പൂട്ടിക്കിടന്ന സ്റ്റേഡിയത്തിന്റെ വാതിൽ തുറന്ന് അകത്തു കടന്നു.
"മോൾ പെട്ടന്ന് ചെല്ല്, അധികം സമയമെടുക്കരുത് " - അയാൾ.
അവൾ വേഗത്തിൽ നടന്ന് ഗ്രൗണ്ടിനോട് ചേർന്ന ഇരുമ്പുവേലിക്കരികിലെത്തി.
അൽപനേരം ആ വേലിയിൽ കൈകൾ മുറുക്കിയമർത്തി കണ്ണടച്ചു നിന്നു.
ആളൊഴിഞ്ഞ ഗാലറിയിൽ നിശബ്ദയുടെ ചിറകടി ശബ്ദങ്ങൾ. .
വേലിചാടി കടന്നു, റിസർവ് ബെഞ്ചിനരികിലായി മുട്ടിലമർന്നിരുന്നു.
കൈകൾ കൊണ്ട് പുല്ലുകൾ  വകഞ്ഞുമാറ്റി ഒരു കുഴി കുഴിച്ചു. 
പോക്കറ്റിൽ കരുതിയ പൊതിയിൽ നിന്നും ചിതാഭസ്മം ആ കുഴിയിൽ വിതറി ,കുഴികൾ മൂടി.
മേഘങ്ങളുടെ മറ നീക്കി പുറത്തുവന്ന ചന്ദ്രൻ, പച്ചപുല്ലുകൾക് മേൽ വെള്ളി പരവതാനി വിരിച്ചു. 
പുറത്തിറങ്ങി യാത്ര പറഞ്ഞവൾ നടന്നു.
ഉറങ്ങാത്ത രാത്രികളുടെ ബ്യുനസ് ഐറിസ് നഗരം അന്നും പതിവുപോലെ..
വിജനമായ ഒരു വീഥിയിൽ , മങ്ങിയ വെളിച്ചമുള്ള ഒരു സ്ട്രീറ്റ് ലൈറ്റിന് ചുവട്ടിലവളിരുന്നു.
അച്ഛന്റെ മരണശേഷം ഈ നേരമത്രയും അടക്കി വച്ചിരുന്ന കണ്ണുനീർ,
അണമുറിയാതെ, നിലക്കാതെ, പുലരുവോളം...


------------------------------------------------------------------------------------------------------------------------------

കഥപറച്ചിൽ പൂർത്തിയാക്കി അവൾ കുറേ നേരം അകലങ്ങളിലേക്ക് നോക്കിയിരുന്നു.
പിന്നീടവളൊന്നും സംസാരിച്ചില്ല,ഞാനും. 
ഞങ്ങൾ ഓഫിസിൽ നിന്നും പുറത്തിറങ്ങി.
വിഷാദത്തിന്റെ മൗനവുമായി ഞങ്ങൾ നടന്നു, ഇരുവഴികളിലായി പിരിഞ്ഞു.
വാരാന്ത്യത്തെ ആ നഗരം വിഴുങ്ങി തുടങ്ങിയിരുന്നു. 
മങ്ങിയ മഞ്ഞ വെളിച്ചമുള്ള ഒരു സന്ധ്യ.
ആളൊഴിഞ്ഞ  ബ്ലോക്കിലൂടെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു.

ആറാം നിലയിൽ, ബെഡ്‌റൂമിനോട് ചേർന്നുള്ള ബാൽക്കണി.
ചായ നുകർന്നു ഞാൻ പുറത്തേക്കു നോക്കി നിന്നു.
മങ്ങിയ വെളിച്ചത്തെ രാത്രി മൂടുന്നതും, 
രാത്രിയെ വഴിവിളക്കുകൾ- അലങ്കരിച്ച മുത്തുമാലകൾ അണിയിക്കുന്നതും, വഴിയോരങ്ങളിൽ കമിതാക്കൾ ചുംബിക്കുന്നതും,
റെസ്റ്റോറന്റുകൾക് പുറത്തു ,നിരത്തിനോടുചേർന്നു നിരത്തിയ കസേരകളിൽ ആളുകൾ അസാദോയും ബിയറും ആസ്വദിക്കുന്നതും. പൊട്ടിച്ചിരിക്കുന്നതും, അട്ടഹാസങ്ങളും,അകലങ്ങളിൽ നിന്നൊഴുകി വരുന്ന കുമ്പിയാ സംഗീതങ്ങളുടെ മാസ്മരികതയും, അവ കാറ്റിലലിഞ്ഞു ചേരുന്നതും,
നടപ്പാതയോട്‌ ചേർന്ന് സാക്സോഫോൺ വായിക്കുന്ന ചെറുപ്പക്കാരന്റെ മുന്നിൽ നാണയങ്ങൾ 
തെറിച്ചു വീഴുന്നതും..
കാഴ്ചകൾ,കാഴ്ചകൾ , ചിന്തകളെ ശൂന്യമാക്കുന്ന കാഴ്ചകൾ ...
എല്ലാം കണ്ടുകൊണ്ടു കാണാതെ ഞാനവിടെത്തന്നെ നിന്നു.
റോഡിന് എതിർവശത്തുള്ള വീടിന്റെ ഹാൾ വ്യക്തമായി കാണാം.
ജനാലയോടു ചേർന്ന കസേരയിൽ നാല്പതിനോട് അടുത്ത് പ്രായമുള്ള ഒരാൾ.
അയാളുടെ മുഖതേക്ക് TV യിൽ നിന്നുമുള്ള  പച്ചവെളിച്ചം.
മടിയിൽ കയറിയിരിക്കുന്ന ബാലിക.
മുഖമുയർത്തി അയാളെന്നെ നോക്കി.
ഞാൻ സ്തബ്ധനായി 
എന്നെ നോക്കി ചിരിച്ചു 
അയാൾ TV യിലേക്കു തന്നെ തിരിഞ്ഞു..
അകലെ ലാ ബോമ്പോനാരയിൽ, ജീവിതവും സ്വപ്നങ്ങളും ഫുട്ബാളിലേക്കാവാഹിച്ച അനേകം ചിതാഭസ്മങ്ങൾക്കു മുകളിൽ പന്തുരുണ്ടു...



3 comments:

  1. ഫുട്ബോൾ എനിക്ക് ജീവനാണ്..
    എന്നോളം ഒരു ഫുട്ബാൾ ഫാൻ ഇല്ല.. എന്നും മറ്റും പറയുന്നവർ ഇത് വായിച്ചറിയണം.. ശ്വാസവും ജീവിതവും ജീവിതത്തിനപ്പുറവും ഈ ഒരു വികാരത്തെ കൊണ്ട് നടക്കുന്ന ഒരു ജനതയുടെ കഥ. വെൽ റീട്ടെൻ മൈ ബായ് !

    ReplyDelete